ജിദ്ദ: രാജ്യത്തെ ഷിപ്പിങ്, ലോജിസ്റ്റിക് മേഖലയിലെ പ്രവർത്തനങ്ങൾ സ്വദേശിവത്കരിക്കാനുള്ള പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. സൗദി ലോജിസ്റ്റിക്സ് അക്കാദമിയുടെയും പൊതു-സ്വകാര്യ മേഖലകളിലെ നിരവധി അനുബന്ധ കക്ഷികളുടെയും സഹകരണത്തോടെ പൊതുഗതാഗത അതോറിറ്റിയാണ് സ്വദേശിവത്കരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. അപേക്ഷകർക്കും ഈ സംരംഭത്തിൽ ലക്ഷ്യമിടുന്നവർക്കും അഞ്ച് യോഗ്യതാ പ്രോഗ്രാമുകളിലൂടെ പരിശീലനം നൽകുമെന്ന് അതോറിറ്റി പറഞ്ഞു.
സൗദി ലോജിസ്റ്റിക്സ് അക്കാദമിയിൽനിന്നുള്ള ഉയർന്ന പരിചയവും കഴിവുമുള്ള പ്രത്യേക വിദഗ്ധ സംഘമാണ് പരിശീലനത്തിന് മേൽനോട്ടം വഹിക്കുക. പ്രധാനമായും ലാൻഡ് ചരക്ക് ബ്രോക്കർമാരുടെ ഓഫിസുകൾ സ്വദേശിവത്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചരക്കുഗതാഗത രംഗത്തെ വിവിധ പ്രവർത്തനങ്ങളിലും സേവനങ്ങളിലും പ്രത്യേകിച്ച് ചരക്ക് ബ്രോക്കർമാരുടെ ഓഫിസുകളിൽ ലഭ്യമായ അവസരങ്ങളിൽ സ്വദേശികളായവരെ ജോലിക്ക് നിയമിക്കുകയും അവരുടെ കഴിവുകളെ പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്.
ഷിപ്പിങ്, ലോജിസ്റ്റിക് മേഖല നൽകുന്ന സേവനങ്ങളുടെ വികസനത്തിന് സംഭാവന നൽകുകയും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണിത്. ഷിപ്പിങ് രംഗത്തെ ഏജൻറുമാരായി പ്രവർത്തിക്കുന്ന സ്വദേശികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവർക്ക് സർട്ടിഫിക്കറ്റ് നൽകാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ചരക്ക് ബ്രോക്കർമാരുടെ ഓഫിസുകളിലെ തൊഴിലാളികളും ഈ സംരംഭത്തിൽ ഉൾപ്പെടും. അവർക്കുള്ള പരിശീലന കാലയളവ് അഞ്ചു ദിവസം നീളുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.