ജിദ്ദ: കഴിഞ്ഞ വർഷം തുടക്കത്തിൽ കോവിഡ് പകർച്ചവ്യാധി സൗദിയിൽ പൊട്ടിപ്പുറപ്പെട്ട സമയത്ത് രാജ്യത്തുണ്ടായിരുന്ന ഏഴുലക്ഷം വിദേശ ഉംറ തീർഥാടകരെ അവരുടെ രാജ്യത്തേക്ക് സുരക്ഷിതമായി തിരിച്ചയച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്ദൻ പറഞ്ഞു.
ആ സമയത്ത് മക്കയിൽ ആറു ലക്ഷവും മദീനയിൽ ഒരു ലക്ഷത്തിലധികം തീർഥാടകരുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം വളരെ സുരക്ഷിതമായാണ് അന്ന് തിരിച്ചയച്ചത്. 20ാമത് സയൻറിഫിക് ഫോറം ഫോർ ഹജ്ജ്, ഉംറ ആൻഡ് വിസിറ്റ് റിസർച് സമ്മേളനത്തിൽ 'കോവിഡ് വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ സൗദിയുടെ വിജയഗാഥയും ഹജ്ജ്, ഉംറ യാത്രകളിലുണ്ടായ സ്വാധീനവും' സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 'ദൈവത്തിെൻറ അതിഥികളുടെ യാത്രയിലെ അനുഭവം മെച്ചപ്പെടുത്തുക' പ്രമേയത്തിൽ മക്ക ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഇസ്ലാമിനെയും മുസ്ലിംകളെയും രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സേവിക്കാൻ സൗദി അറേബ്യയുടെ എല്ലാ ഊർജവും കഴിവുകളും ഉപയോഗപ്പെടുത്തി സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് പകർച്ചവ്യാധിയെ നേരിടാൻ രാജ്യത്തിന് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ജനക്കൂട്ടത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്തു വളരെ ശ്രദ്ധാപൂർവം സംഘടിപ്പിച്ച കഴിഞ്ഞ വർഷത്തെ ഹജ്ജിൽ തീർഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു.
ഹജ്ജ് സീസണിൽ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം നടത്തിയ പഠനങ്ങൾ, ഹജ്ജ്, ഉംറ ഘട്ടങ്ങളെക്കുറിച്ച് കൃത്യമായ വിശകലനങ്ങളും കാര്യങ്ങളും മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും തങ്ങളെ ഏറെ സഹായിച്ചു. പുണ്യസ്ഥലങ്ങളിലും രണ്ടു വിശുദ്ധ പള്ളികളിലും മുൻവർഷങ്ങളിലുണ്ടായ ക്രമരഹിതമായ തിരക്ക് ഒഴിവാക്കാനും ഇത് തങ്ങളെ പ്രാപ്തരാക്കിയതായും ഹജ്ജ് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.