ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ വ​സ​ന്ത​ത്തി​ന്റെ വി​വി​ധ കാ​ഴ്ച​ക​ൾ

ത്വാ​ഇ​ഫി​ൽ 17ാമ​ത് റോ​സ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു

യാംബു: സൗദിയിലെ പ്രധാന വിനോദസഞ്ചാരമേഖലയും കാർഷിക മേഖലയുമായ മക്ക പ്രവിശ്യയിലെ ത്വാഇഫ് 17ാമത് റോസ് ഫെസ്റ്റിവലിന് തുടക്കമായി. റോസാപ്പൂ വസന്തത്തിന് രാജ്യത്ത് പേരുകേട്ട ത്വാഇഫിൽ വിളവെടുപ്പ് കാലത്ത് നടക്കുന്ന പുഷ്പമേള കാണാൻ വിവിധ പ്രദേശങ്ങളിൽനിന്ന് സന്ദർശകരുടെ വരവ് തുടങ്ങിക്കഴിഞ്ഞു.

മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതിവരെയാണ് ത്വാഇഫിലെ റോസ് സീസൺ. പർവതനിരകളായ അൽ ശഫ, അൽ ഹദ, ബനു സഅദ്, അന്നുഹദ മേഖലകളിൽ കൃഷിചെയ്യുന്ന സുഗന്ധമുള്ള റോസ് ഫാമുകളിലേക്കാണ് സീസണിൽ സന്ദർശകർ കൂടുതൽ എത്താറുള്ളത്. ആഗോളതലത്തിൽ തന്നെ വിപണിയിൽ ഏറ്റവും വിലകൂടിയ റോസാപ്പൂ തൈലവും മറ്റു ഉൽപന്നങ്ങളും ത്വാഇഫിൽനിന്ന് നിർമിക്കുന്നു.

നഗരിയിലെ 2,500 മീറ്റർ ഉയരത്തിലുള്ള ഗിരിമേഖലയിൽ വാദി മഹ്‌റം,അൽ ഹദ,അൽ ശഫ തുടങ്ങിയ താഴ്വരകളിലാണ് പിങ്ക് നിറത്തിലുള്ള റോസാപ്പൂ കൃഷികൾ വ്യാപകമായി നടക്കുന്നത്. 30 ഇതളുകളുള്ള പിങ്ക് റോസ് ത്വാഇഫിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഇവയിൽനിന്ന് റോസ് വാട്ടർ, റോസ് ഓയിൽ, റോസ് പെർഫ്യൂം എന്നിവ ഉൽപാദിപ്പിക്കുന്നു. 900 റോസാപ്പൂത്തോട്ടങ്ങളും റോസാപ്പൂ ഉൽപന്നങ്ങൾക്കായുള്ള 20ലേറെ ഫാക്ടറികളും ഇവിടെയുണ്ട്. ഓരോ വർഷവും 33 ദശലക്ഷം റോസാപ്പൂക്കളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. പിങ്ക് റോസ് പൂക്കളിൽനിന്ന് 70 ലധികം ഉൽപന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ വിവിധ ഫാക്ടറിയിൽനിന്നും ഉൽപാദിപ്പിക്കുന്നതും ത്വാഇഫിലെ വേറിട്ട കാഴ്ചയാണ്. ഇവിടത്തെ അപൂർവ റോസാപ്പൂ കൃഷിക്കും അതിന്റെ വൈവിധ്യങ്ങളായ മേത്തരം ഉൽപന്നങ്ങൾക്കും രാജ്യത്തെ കാർഷിക മന്ത്രാലയവും മറ്റു വിവിധ സർക്കാർ ഏജൻസികളും വർധിച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്.

2005 മുതൽ പൂക്കളുടെ വിളവെടുപ്പ് കാലത്തോടനുബന്ധിച്ച് റോസ് ഫെസ്റ്റിവൽ നടന്നുവരുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്ത് പൊലിമ കുറച്ച് ലളിതമായ രീതിയിലായിരുന്നു മേള ഒരുക്കിയിരുന്നത്. പ്രദേശത്തെ കർഷകരുടെ പാരമ്പര്യ ഉത്സവം കൂടിയാണ് ത്വാഇഫ് റോസ് ഫെസ്റ്റിവൽ. വർണാഭമായ പുഷ്പമേളയും റോസ് പൂക്കളുടെ വൈവിധ്യമാർന്ന കാഴ്ചകളും കാണാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് സഞ്ചാരികളുടെ വരവ് തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - Seventeenth Rose Festival Started in Taif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.