റഹീമിന്റെ മോചനവും കാത്ത് ഷൗക്കത്തും സുഹൃത്തുക്കളും ബത്ഹയിലുണ്ട്

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമും ഫറോക് പേട്ട സ്വദേശി ഷൗക്കത്തും വ്യത്യസ്ത തൊഴിലുകളിൽ നാട്ടിൽ സഹപ്രവർത്തകരായിരുന്നു. ഫറോക്കിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായും മറ്റ് മേഖലയിലും ഒന്നിച്ചു തൊഴിലെടുത്തും അവരൊരുമെയ്യായി സൗഹൃദം പടുത്ത കാലമായിരുന്നു 2004 വരെ.

നാട്ടിലെ വരുമാനം കൊണ്ട് അതിജീവനം അസാധ്യമായി വന്നപ്പോൾ ഷൗക്കത്ത് 2004 ൽ സൗദിയിലേക്ക് വിമാനം കയറി. തുടർന്ന് സൗദിയിലേക്കുള്ള യാത്രയെ കുറിച്ച് റഹീമും ചിന്തിച്ചു തുടങ്ങി. ഒടുവിൽ 2005 ൽ സ്വപ്നങ്ങൾക്ക് നിറം പകരാൻ സൗദി തലസ്ഥാനത്ത് റഹീമും വന്നിറങ്ങി. ജോലിക്ക് പ്രവേശിക്കും മുമ്പേ സുഹൃത്തിനെ കാണാനും അവനോടൊപ്പം ഒരു ദിവസം തങ്ങാനും റഹീം ബത്ഹയിലെ ഷൗക്കത്തിന്റെ റൂമിലെത്തി.

പിന്നീട് തൊഴിലുടമ അയച്ച ആളോടൊപ്പം ജോലി പറഞ്ഞുവെച്ച വീട്ടിലേക്ക് പോയി. ടെക്നോളജി അന്നിത്ര വികസിച്ചിട്ടില്ല. വാട്സ് ആപ്പും ഫേസ് ബുക്കും അന്നില്ല. ഒരു മിനുട്ട് ടെലഫോൺ കാളിന് അന്നത്തെ വരുമാനമനുസരിച്ച് താങ്ങാനാകാത്ത തുകയും. അതുകൊണ്ട് വല്ലപ്പോഴും ബന്ധപ്പെടും, വിവരങ്ങൾ അറിയും. റിയാദ് നഗരത്തിന്റെ രണ്ട് തലക്കലായി സൗഹൃദം അറ്റു പോകാതെ നീങ്ങികൊണ്ടിരുന്നു.

അതിനിടയിലാണ് വിധി എല്ലാം മാറ്റി മറിച്ചത്. റഹീമെത്തി 28 ദിവസങ്ങൾക്കു ശേഷമാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കുറെ ദിവസങ്ങൾക്കു ശേഷമാണ് അവൻ അറസ്റ്റിലാണെന്ന് ഷൗക്കത്ത്‌ അറിയുന്നത്. എന്താണ് വിഷയമെന്നറിയാൻ അന്ന് സാധ്യമായില്ല. മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം ജയിലിൽ നിന്നൊരു ഫോൺ കോൾ വന്നു. അത് അവനായിരുന്നു. സംഭവങ്ങളെല്ലാം വിവരിച്ചു. ഒരു നിമിഷം മരവിച്ചു പോയി. തന്റെ സുഹൃത്ത് കൊലപാതക കുറ്റത്തിൽ സൗദി ജയിലിൽ അകപ്പെട്ടിരിക്കുന്നു.

അന്ന് ഏകദേശം ഒന്നര വർഷത്തോളമായി ഷൗക്കത്ത് സൗദിയിലെത്തിയിട്ട്. നിയമത്തെക്കുറിച്ച് പ്രാഥമിക ധാരണയുണ്ട്. അതെസമയം എങ്ങനെ ഇടപെടണമെന്നോ എന്ത് ചെയ്യണമെന്നോ ധാരയുണ്ടായിരുന്നില്ല. അപ്പോഴേക്കും വാർത്ത പത്രങ്ങളിൽ അടിച്ചു വന്നു. കേസ് ഗൗരവമുള്ളതാണെന്ന് ഓരോ ദിവസവും ബോധ്യപ്പെട്ടു വന്നു. പിന്നീട് ബന്ധുവും നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്ട് ഉൾപ്പടെയുള്ളവർ കേസിൽ ഇടപെട്ടു. വക്കീലിനെ വെച്ചു. സാധ്യമാകുന്ന ദിവസങ്ങളിലെല്ലാം അവരോടൊപ്പം കോടതിയിൽ പോകും, അവനെ ഒരു നോക്ക് കാണാൻ. പിന്നീട് ജയിലിൽ നിന്ന് നിരന്തരം ബന്ധപ്പെടും.

ജയിൽ നിയമമനുസരിച്ച്, റഹീമിന് ആവശ്യമായ വസ്ത്രവും, ഫോൺ കാർഡും എല്ലാം ജയിലിൽ എത്തിക്കുന്നത് 17 വർഷമായിട്ട് ഷൗക്കത്തും മറ്റ് സുഹൃത്തുക്കളുമാണ്. 34 കോടി രൂപ സമാഹരിച്ച സന്തോഷത്തിൽ സഹതടവുകാർക്ക് മധുരം നൽകാൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി വഴി ജയിലിൽ പണം അടച്ചതും ഷൗക്കത്താണ്. കേസിന്റെ തുടക്കം മുതൽ റഹീമിന്റെ എല്ലാ ആവശ്യങ്ങൾക്കും വേണ്ട സഹായം ചെയ്യാൻ ഷൗക്കത്തിന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് യൂസഫ് സാക്ഷ്യപ്പെടുത്തി. ഇബ്രാഹീം ചെമ്മാട്, ചന്ദ്രസേനൻ, മിർഷാദ് കോടമ്പുഴ, കുഞ്ഞോയി കോടമ്പുഴ, യൂനസ് പുത്തൂർമഠം, ഷിനു അച്ചായൻ മണ്ണാർക്കാട് , മത്തീൻ അബ്ദുൽസലാം തിരുവനന്തപുരം, ഷബീർ കൊണ്ടോട്ടി എന്നിവരെല്ലാം ജയിലിൽ പല രീതിയിലുള്ള സഹായവും ആശ്വാസവും നല്കിയവരാണെന്ന് ഷൗക്കത്ത് പറഞ്ഞു.

ഇപ്പോൾ റഹീം ദിനേന ബന്ധപ്പെടുന്നുണ്ട്. അവനോളം സന്തോഷത്തിലാണ് ഞാനും . ഭീതിയും നിരാശകളുമെല്ലാം അസ്തമിച്ചിരിക്കുന്നു. ഇനി പ്രതീക്ഷയുടെ ഉദയം കാത്തിരിപ്പാണ്. നിറഞ്ഞ കണ്ണുകളോടെ ഷൗക്കത്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു നിർത്തി.

Tags:    
News Summary - Shaukat and his friends are waiting for Rahim's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.