ദമ്മാം: റമദാനെത്തിയാൽ മുടങ്ങാതെ സമൂഹമാധ്യമ ചുവരിൽ സദ്ചിന്തകൾ കുറിക്കുന്നത് ശീലമാക്കിയിട്ട് ഏഴു കൊല്ലം. ദമ്മാം പ്രവാസി ഷിഹാബ് കൊയിലാണ്ടിയാണ് അനുഷ്ഠാനംപോലെ ആയിരക്കണക്കിന് ആളുകളിലേക്ക് 'റമദാൻ ചിന്തകൾ'പ്രസരിപ്പിക്കുന്നത്. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം ഗായകനും കാലിഗ്രാഫറും സംഘാടകനുമാണ്.
വർഷങ്ങൾക്കുമുമ്പ് റമദാൻ ക്വിസിലെ ചോദ്യത്തിന് ഉത്തരം അറിയുമായിരുന്നെങ്കിലും പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റാിയില്ല. ആവർത്തിച്ചുള്ള വായനയില്ലാത്തതാണ് മറവിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞു. നിരവധി പേർക്ക് ഓർമപ്പെടുത്തലായി 2015ലെ റമദാൻ മുതൽ ഫേസ്ബുക്കിൽ ചിന്തകൾ എഴുതിത്തുടങ്ങി. നബിവചനങ്ങളും ഖുർആൻ സൂക്തങ്ങളും സദ്ചിന്തകളും കൂട്ടിയിണക്കി ലളിതഭാഷയിൽ ജീവിതനന്മയെക്കുറിച്ച് ഓർമിപ്പിച്ചു.
ആദ്യ വർഷം കുറിപ്പെഴുതിത്തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾതന്നെ അന്വേഷണങ്ങളും അഭിനന്ദനങ്ങളും വന്നുതുടങ്ങി. ദുബൈയിലെ ഏഷ്യാനെറ്റ് റേഡിയോയിൽ അവതാരകൻ നിയാസ് ഇ. കുട്ടി രണ്ടു വർഷം തുടർച്ചയായി ഷിഹാബിന്റെ കുറിപ്പുകൾ പ്രേക്ഷകർക്കായി അവതരിപ്പിച്ചു. ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് പങ്കുവെക്കപ്പെട്ടു. മറ്റു പലരും പേരുമാറ്റി ഇതേ കുറിപ്പുകൾ പ്രചരിപ്പിക്കുന്നത് കണ്ടപ്പോഴാണ് സ്വീകാര്യത ബോധ്യപ്പെട്ടതെന്ന് ഷിഹാബ് പറയുന്നു. 2018ൽ ഉംറ ചെയ്ത് മടങ്ങുന്നതിനിടയിലുണ്ടയ വാഹനാപകടത്തിൽ ഉമ്മ മരിച്ചു. ഭാര്യ ബാസിഹാൻ പരിക്കേറ്റ് കിടക്കയിലുമായി. അപ്പോഴും കടുത്ത മാനസിക സംഘർഷങ്ങൾക്കിടയിലും കുറിപ്പു മുടക്കിയില്ല.
ദിവസവും രാവിലെ മുതൽ അന്നന്ന് എഴുതേണ്ട വിഷയം മനസ്സിൽ തയാറാക്കും. ഹദീസുകളും ഖുർആൻ വചനങ്ങളും നോക്കിവെക്കും. രാത്രിയിൽ മുത്താഴച്ചായക്ക് ശേഷമാണ് എഴുത്ത്. ഇത് റമദാൻ ദിനങ്ങളിൽ മുടങ്ങാത്ത ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ദിവസത്തെ കുറിപ്പുപോലും നേരത്തേ തയാറാക്കി വെക്കാറില്ല. ഏഴാം വർഷം പിന്നിടുമ്പോൾ ആവർത്തനവിരസത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നു. ആനുകാലികങ്ങളിൽ എഴുതിയിട്ടുണ്ട്. കുടുംബത്തോടൊപ്പം അൽഖോബാറിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.