ഏതെങ്കിലും നേതാക്കൾ ഇടതുപക്ഷ പാർട്ടികളിൽനിന്നും വിവിധ കാരണങ്ങളാൽ പുറത്തുവരേണ്ടി വന്നാൽ അവരെ ഇടതുപക്ഷ മതേതര ചേരിയിലുള്ളവർ ഉൾക്കൊള്ളാതിരിക്കുന്നതിൽ തികഞ്ഞ അനൗചിത്യമുണ്ട്.
സി.പി.എമ്മിൽനിന്നും പുറത്തായ ടി.ജെ. ആഞ്ചലോസ് സി.പി.ഐ ഉൾക്കൊണ്ട യാഥാർഥ്യം കേരളത്തിൽ ഉണ്ട്. സി.പി.ഐയിൽ നിന്നും വിട്ടുപോയവരെ സി.പി.എമ്മും അതുപോലെ തിരിച്ചും ഉൾക്കൊള്ളുന്നത് കേരളത്തിൽ സാധാരണ സംഭവമാണ്.
സത്യത്തിൽ ഇടതുപാരമ്പര്യവും അനുഭവസമ്പത്തും ഉള്ളവരെ മതേതര ഇടതുപക്ഷചേരി ഉൾക്കൊള്ളാതെ വന്നാൽ പിന്നെ അവരെ കാത്തിരിക്കുന്നത് സംഘ്പരിവാർ ചേരി ആയിരിക്കുമെന്ന് ആർക്കാണ് അറിയാത്തത്? കേരളത്തിൽ സി.പി.എം സ്വതന്ത്ര എം.എൽ.എ ആയ പി.വി. അൻവറിനെ വിമത മേൽവിലാസം ചാർത്തി കേരളത്തിൽ നിലവിലുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചേരിയിൽ ഉൾക്കൊള്ളാതിരിക്കുന്നതിന് പറയുന്ന കാരണങ്ങൾ വിചിത്രമാണെന്ന് പറയാതെ വയ്യ!
ഡി.എം.കെയുടെ പിൻബലത്തിലാണ് സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും തമിഴ്നാട്ടിൽനിന്നും എം.പിമാരെ വിജയിപ്പിച്ചത് എന്ന് രാജ്യത്തെ ജനങ്ങൾക്ക് നന്നായറിയാം. ആ ഒരു ജാള്യത മറയ്ക്കുവാൻ ഇടതുപക്ഷം ശ്രമിച്ചാലും യാഥാർഥ വസ്തുതകൾ മാറുന്നില്ല.
രാജ്യത്തെ സംഘിവിരുദ്ധ മുഖ്യമന്ത്രിമാരിൽ സ്റ്റാലിനും പിണറായി വിജയനും മാമതാ ബാനർജിക്കും ഡൽഹി മുഖ്യമന്ത്രിക്കും അർഹിക്കുന്ന സ്ഥാനങ്ങൾ തന്നെ ഇൻഡ്യാ മുന്നണിയും ഇന്ത്യൻ ജനതയും നൽകുന്നുണ്ട്. അവരിൽ ഓരോ മുഖ്യമന്ത്രിമാരും എത്രത്തോളമാണ് മതേതരത്വം സംരക്ഷിക്കുന്നത് എന്നും എങ്ങനെയാണ് സംഘ്പരിവാർ ശക്തികളെ തടയുന്നത് എന്നും രാജ്യത്തെ ജനങ്ങൾ വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.
ഇടതുപക്ഷത്തെ അഥവാ മതേതര പക്ഷത്തെ നേതാക്കൾ നേതൃത്വങ്ങളുമായി ഇടഞ്ഞാൽ അവരെ ഉൾക്കൊള്ളുന്ന സമീപനമല്ലേ മതേതര ചേരികൾ കൈക്കൊള്ളേണ്ടത്? അതിന് വിരുദ്ധമായി, ക്രിമിനൽ കുറ്റങ്ങളിൽപ്പെടാത്ത തികഞ്ഞ മതേതരവാദികളെ ഉൾക്കൊള്ളാൻ മതേതരചേരികൾ തയ്യാറായില്ലെങ്കിൽ അത് മതേതര വിരുദ്ധചേരിയെ ശക്തിപ്പെടുത്തുന്നത്തിലേക്കല്ലേ അന്തിമമായി ചെന്നെത്തുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.