ജിസാൻ: സൗദി തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനിലെ ചെങ്കടൽ ഭാഗത്ത് ചെമ്മീൻ സീസണ് തുടക്കമായി. 2025 മാർച്ച് അവസാനം വരെ ഏഴ് മാസം നീളുന്നതാണ് മേഖലയിലെ ചെമ്മീൻ മത്സ്യബന്ധന കാലം.
മീൻപിടിത്ത തൊഴിലാളികൾക്ക് ലൈസൻസ് ലഭിക്കുന്നതിനും മത്സ്യബന്ധന രീതികൾ പരിഷ്കരിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും എല്ലാ നടപടിക്രമങ്ങളും മേഖല മത്സ്യബന്ധന ഗവേഷണ കേന്ദ്രം പൂർത്തിയാക്കിയിട്ടുണ്ട്.
അഗ്രികൾചറൽ സർവിസസ് കമ്പനിയുടെ ഏകോപനത്തോടെ ചെമ്മീൻ പിടിക്കുന്നതിനുള്ള സീസണൽ ലൈസൻസുകൾ നൽകുന്നുണ്ടെന്ന് ജിസാൻ മേഖലയിലെ ഫിഷറീസ് റിസർച്ച് സെന്റർ ഡയറക്ടർ ജനറൽ എൻജി. മുഹന്നദ് ഖവാജി പറഞ്ഞു. സീസണിന്റെ ആദ്യ മണിക്കൂറുകളിൽ 120ലധികം മത്സ്യബന്ധന ബോട്ടുകൾക്ക് ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ കടൽയാത്ര സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.
ചെമ്മീൻ മത്സ്യബന്ധനത്തിന് പ്രത്യേക സീസൺ നിശ്ചയിച്ചത് ഉൽപന്നത്തിന്റെ സുസ്ഥിരതയും ശാശ്വത ലഭ്യതയും ഉറപ്പാക്കുന്നതിനും ഉയർന്ന പോഷകമൂല്യമുള്ള പ്രാദേശിക സമുദ്രോൽപന്നങ്ങളുടെ ഭക്ഷ്യ പര്യാപ്തത കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനുമാണെന്നും മുഹന്നദ് ഖവാജി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി വികസിപ്പിക്കുന്നതിനും സഹായിക്കുന്ന പതിവ് മത്സ്യബന്ധന രീതികൾ ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.