ജിദ്ദ: ഒറ്റ ഉടലിൽനിന്ന് തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാൻ 15 വർഷത്തിന് ശേഷം അവർ സൗദിയിലെത്തി. കൈക്കുഞ്ഞുങ്ങളായിരിക്കെ റിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ ഒമാനി സയാമീസ് ഇരട്ടകളാണ് കൗമാരപ്രായത്തിലെത്തിയപ്പോൾ, തങ്ങൾക്ക് വേറിട്ട ജീവിതങ്ങൾ നൽകിയ ഡോക്ടറെ കാണാനെത്തിയത്. സയാമീസ് ഇരട്ടകളായിരുന്ന സഫയും മർവയുമാണ് മാതാപിതാക്കളോടൊപ്പം ശസ്ത്രക്രിയ തലവനായ ഡോ. അബ്ദുല്ല അൽറബീഅയെ കാണാൻ ഒമാനിൽനിന്ന് റിയാദിലെത്തിയത്.
സൗദി നാഷനൽ ഗാർഡ് ഫോഴ്സ് ഉടമസ്ഥതയിലുള്ള റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ 2007ലാണ് തലയോട്ടികൾ ഒട്ടിച്ചേർന്ന നിലയിലായിരുന്ന ഒമാനി സയാമീസുകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന അവർ ഇപ്പോൾ വൈദ്യപരിശോധനയുടെ തുടർനടപടികൾക്കായാണ് സൗദിയിലെത്തിയത്.
സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന കാര്യത്തിൽ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പദവിയിലെത്താൻ സൗദി അറേബ്യക്ക് കഴിഞ്ഞത് ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണയും സഹായവും കൊണ്ടാണെന്ന് ഡോ. റബീഅ പറഞ്ഞു. സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്നതിൽ സൗദി അറേബ്യ വലിയ യോഗ്യത നേടിക്കഴിഞ്ഞു. സൗദിക്ക് അകത്തുനിന്നോ പുറത്തുനിന്നോ ചികിത്സ ആഗ്രഹിക്കുന്ന എല്ലാവരുടെയും ലക്ഷ്യസ്ഥാനമാക്കി സൗദിയെ മാറ്റിയത് അതിന്റെ വിപുലമായ മാനുഷികവും സാങ്കേതികവുമായ കഴിവുകളാണ്. ഭൂഖണ്ഡങ്ങൾക്കും അതിർത്തികൾക്കും വംശീയതകൾക്കും അതീതമായാണ് സൗദി അറേബ്യയുടെ ഈ മാനുഷിക പദ്ധതി നിലകൊള്ളുന്നതെന്നും ഡോ. റബീഅ പറഞ്ഞു.
തങ്ങളുടെ രണ്ട് പെൺമക്കളുടെ വേർപ്പെടുത്തൽ ശസ്ക്രിയ നടത്തി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ചികിത്സ നൽകാനും ആവശ്യമായ ശ്രമങ്ങൾ നടത്തിയ സൗദി സർക്കാരിനോടും ജനങ്ങളോടും ഒമാനി ഇരട്ടകളുടെ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.