റിയാദ്: പുരാവസ്തു ഖനനത്തിനിടെ അസീർ മേഖലയിലെ അൽജറഷ് പുരാവസ്തുകേന്ദ്രത്തിൽ പ്രധാനപ്പെട്ട പുരാവസ്തുക്കൾ കണ്ടെത്തിയതായി സൗദി പുരാവസ്തു അതോറിറ്റി അറിയിച്ചു. സൗദിയുടെ തെക്ക് ഭാഗത്തുള്ള പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് അൽജറഷ്. കല്ലും കളിമണ്ണും ഉപയോഗിച്ചുള്ള ചുവരുകളുടെ വാസ്തുവിദ്യകൾ കണ്ടെത്തിയതിലുൾപ്പെടുമെന്ന് പുരാവസ്തു ശാസ്ത്രസംഘം പറഞ്ഞു. ഈ വസ്തുക്കളുടെ കണ്ടെത്തൽ മുൻകാലങ്ങളിലെ ഖനനങ്ങളുടെ തുടർച്ചയായാണ്.
പുതിയൊരു ജലസേചന സംവിധാനം സ്ഥലത്ത് കണ്ടെത്തിയതായി അതോറിറ്റി വെളിപ്പെടുത്തി. അടുക്കിെവച്ച കല്ലുകൾകൊണ്ട് നിർമിച്ച കിണറാണിത്. കല്ലുകൾ കൊണ്ട് നിർമിച്ച കിണറും അതിനോട് ചേർന്ന് വെള്ളമൊഴുകാനുള്ള ചാലുകളും കണ്ടെത്തി. പാർപ്പിടകേന്ദ്രങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള ചാലുകളാണ് കിണറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ കല്ലും കളിമണ്ണും കൊണ്ട് നിർമിച്ച അടുപ്പുകളും കണ്ടെത്തി.
മൂന്ന് വരികൾ അടങ്ങിയ ഒരു ഇസ്ലാമിക ലിഖിതം അടങ്ങിയ ഗ്രാനൈറ്റ് കല്ലും കണ്ടെത്തി. ഇവിടെനിന്ന് കണ്ടെത്തിയ ഇത്തരത്തിലുള്ള രണ്ടാമത്തെ ലിഖിതമാണിത്. പൊടിക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത വലുപ്പത്തിലുള്ള ഉപകരണങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള ശിലാ ഉപകരണങ്ങൾ, സാധാരണ മൺപാത്രങ്ങൾ, തിളക്കമുള്ള മൺപാത്രങ്ങൾ, ഗ്ലാസ് എന്നിവയുടെ നിരവധി ശകലങ്ങൾ, ഭാഗങ്ങൾ, ചില മൺപാത്രങ്ങളുടെ പിടികളും വിവിധ വലുപ്പത്തിലുള്ള ഗ്ലാസ്, കല്ല് പാത്രങ്ങൾ, വിലയേറിയ കല്ലുകൾ, മുത്തുകളുടെ ശേഖരം എന്നിവയും കണ്ടെത്തി.
പുരാവസ്തുകേന്ദ്രങ്ങൾ പഠിക്കാനും രേഖപ്പെടുത്താനും സംരക്ഷിക്കാനും ശ്രമിക്കുന്നതിെൻറ ഭാഗമാണ് പുതിയ കണ്ടെത്തലുകളെന്നും പുരാവസ്തു അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.