ജിദ്ദ: നിയോമിന്റെ യാത്രയിൽ ഞങ്ങൾ അഭിമാനിക്കുന്ന ഒരു നേട്ടമാണ് സിൻഡല ദ്വീപിന്റെ പണി തീർത്ത് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തതെന്ന് നിയോം സി.ഇ.ഒ എൻജി. നള്മി അൽ നാസർ പറഞ്ഞു.
കിരീടാവകാശിയുടെ പിന്തുണയോടെ ഞങ്ങളുടെ കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ആഡംബര ടൂറിസത്തെ പിന്തുണക്കുന്നതിനുള്ള നിയോമിന്റെ ശ്രമങ്ങൾക്ക് സിൻഡല ദ്വീപ് പ്രചോദനം നൽകുന്നു. ‘വിഷൻ 2030’-ന് അനുസൃതമായി ഈ പദ്ധതി പൂർത്തീകരിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയെയും അദ്ദേഹത്തിന്റെ നിരന്തര മാർഗനിർദേശത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നുമെന്നും നിയോം സി.ഇ.ഒ പറഞ്ഞു.
സന്ദർശകരെ സ്വീകരിക്കാൻ തുടങ്ങുന്ന ആദ്യത്തെ നിയോം ലക്ഷ്യസ്ഥാനമാണ് സിൻഡല. ഗുണപരമായ വികസന പദ്ധതികളുടെയും വ്യതിരിക്തമായ ലക്ഷ്യസ്ഥാനങ്ങളുടെയും കാര്യത്തിൽ ഭാവി എന്തായിരിക്കുമെന്നതിന്റെ ഒരു നേർക്കാഴ്ച ഇത് നൽകും. 45 തനതായ ഇനങ്ങളുൾപ്പെടെ 1100 ഇനം മത്സ്യങ്ങൾ ഈ ദ്വീപിന് ചുറ്റുമുള്ള കടൽ വെള്ളത്തിലുണ്ട്. അതുകൊണ്ടുതന്നെ വൈവിധ്യമാർന്ന സമുദ്ര പരിസ്ഥിതി സിൻഡലയെ വ്യത്യസ്തമാക്കുന്നു.
300-ലധികം ഇനം പവിഴപ്പുറ്റുകളും ഇതിനു ചുറ്റുമുണ്ട്. ദ്വീപിന്റെ ആഴങ്ങളിലേക്ക് ഡൈവിങ് നടത്തുന്നതിനും സമുദ്ര പ്രകൃതിയുടെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സുസ്ഥിരതയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും തത്വങ്ങളോടുള്ള പ്രതിബദ്ധതക്ക് അനുസൃതമായി ഇത് അതുല്യമായ അനുഭവം നൽകുന്നു. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദ്വീപിന്റെ സ്വാഭാവിക ഘടകങ്ങളും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കാൻ നിയോം ശ്രമിച്ചിട്ടുണ്ട്.
വിപുലമായ മറീന ഉൾപ്പെടെയുള്ള ആഡംബര ടൂറിസം അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങൾ സിൻഡലയിൽ ഉൾപ്പെടുന്നു. ഇതിൽ 86 ബർത്തുകളുണ്ട്.
വർഷം മുഴുവനും ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും മിതമായ കാലാവസ്ഥയും പ്രയോജനപ്പെടുത്തി പുതിയൊരു ആഗോള കപ്പലോട്ട സീസൺ ആരംഭിക്കുന്നതിന് സിൻഡല പങ്കുവഹിക്കും. ഇൻറർനാഷനൽ ഡിസൈനർ സ്റ്റെഫാനോ റിച്ചി തയാറാക്കിയ ഇന്റീരിയർ ഡിസൈനുകളുള്ള സിൻഡല യാച്ച് ക്ലബ് മറീനയുടെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കാണ്.
ഇത് സന്ദർശകർ, ബോട്ട് ഉടമകൾ, മറൈൻ ക്രൂ മാനേജർമാർ, അംഗങ്ങൾ എന്നിവർക്ക് വിപുലമായ സേവനങ്ങൾ നൽകുന്നു. ഒരു ലക്ഷ്യസ്ഥാനത്ത് ഏറ്റവും ഉയർന്നതലത്തിലുള്ള അന്താരാഷ്ട്ര ആതിഥേയത്വവും മികച്ച ഭക്ഷണവും അനുയോജ്യമായ അനുഭവങ്ങളും ഈ ദ്വീപ് സമന്വയിപ്പിക്കുന്നു.
അന്താരാഷ്ട്ര പാചകക്കാരുടെ മേൽനോട്ടത്തിലുള്ള 38 റസ്റ്റാറന്റുകൾ, വിവിധ ഭക്ഷണവിഭവങ്ങൾ, വിനോദ കേന്ദ്രങ്ങൾ, 36 പ്രോവിഷനൽ സ്റ്റോറുകൾ എന്നിവ ദ്വീപിലുണ്ട്. വിനോദത്തിനും സാമൂഹിക ആശയവിനിമയത്തിനുമുള്ള വില്ലേജും പ്രൊമെനേഡും മറ്റു സവിശേഷതകളാണ്.
ന്ദർശകർക്ക് പകൽ സമയത്ത് കടൽക്കരയിൽ വിശ്രമിക്കാൻ അനുയോജ്യമായ അന്തരീക്ഷവും വൈകീട്ട് ആസ്വാദ്യകരമായ സംഗീത പരിപാടികളും ആസ്വദിക്കാനുള്ള അവസരമുണ്ട്. ഗോൾഫ് ക്ലബുകളുണ്ട്.
440 മുറികൾ, 88 വില്ലകൾ, 218 ഹോട്ടൽ അപ്പാർട്ട്മെന്റുകൾ എന്നിവ നൽകുന്ന മൂന്ന് മികച്ച അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സ്വന്തം താൽപര്യം അനുസരിച്ചുള്ള തെരഞ്ഞെടുപ്പിന് അവസരം നൽകുന്നു. ദ്വീപ് സന്ദർശിക്കുന്നതിനുള്ള റിസർവേഷൻ വിവരങ്ങൾ നിയോമിന്റെ ടൂറിസം ചാനലുകൾ വഴി ഉടൻ ലഭ്യമാക്കുമെന്നും നിയോം സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.