റിയാദ്: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരൻ, സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, പ്രഗത്ഭനായ പാർലമെന്റേറിയൻ, വർഗീയ ഫാഷിസ്റ്റ് കോർപറേറ്റ് കൂട്ടുകെട്ടിന്നെതിരെ ധീരമായി പടനയിച്ച പോരാളി തുടങ്ങി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിെൻറ മുന്നണി പോരാളിയായിരുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സൗദി ഐ.എം.സി.സി നാഷനല്‍ കമ്മിറ്റി അറിയിച്ചു.
കമ്യൂണിസ്റ്റ് അല്ലാത്തവർക്കും കമ്യൂണിസ്റ്റുകളോട് ബഹുമാനാദരവുകളുണ്ടാക്കിയ വ്യക്തിത്വം. കഴിഞ്ഞ 10 വർഷത്തെ ഇന്ത്യയിൽ ഭയാശങ്കളോടെ ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകിയവരിൽ പ്രധാനിയായ യെച്ചൂരിയുടെ വേർപാട് മതനിരപേക്ഷ ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്.
ഈ തീരാനഷ്ടത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും ഭാരവാഹികളായ എ.എം. അബ്ദുല്ലക്കുട്ടി, യൂനുസ് മൂന്നിയൂർ, ഒ.സി. നവാഫ്, എൻ.കെ. ബഷീര്‍, മൻസൂർ വണ്ടൂര്‍ എന്നിവര്‍ പറഞ്ഞു.
റിയാദ്: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരവാദിയും കലർപ്പില്ലാത്ത ആശയവ്യക്തതയോടെ ജനാധിപത്യ മതേതര മൂല്യങ്ങൾക്കായി നിലകൊണ്ട പൊതുപ്രവർത്തകനുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ജിദ്ദ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ തനിമ കലാസാംസ്കാരിക വേദി സൗദി സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നതെന്ന് തനിമ പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എമ്മിനെ അഖിലേന്ത്യാതലത്തിൽ ശരിയായ നിലപാടുകളിലെത്തിക്കുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാർട്ടികൾക്കാകെ മാർഗദർശനമേകുന്നതിലും യെച്ചൂരി നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും.
വർഗീയ രാഷ്ട്രീയത്തോട് സന്ധിയില്ലാസമരം നടത്തിയ അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഇന്ത്യ സഖ്യം രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. വ്യക്തതയാർന്ന നിലപാടുകളിലൂടെ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയ സീതാറാം യെച്ചൂരി എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാണെന്നും തനിമ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.