റിയാദ്: ബാങ്ക് എ.ടി.എം തകർത്ത് 14 ലക്ഷം റിയാൽ കവർന്ന കേസിലെ ആറു പ്രതികൾക്ക് റിയാദ് ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. ഒരു സ്വദേശി പൗരനും അറബ് വംശജരായ അഞ്ചു വിദേശികൾക്കുമെതിരെയാണ് ശിക്ഷ. വിദേശികൾക്ക് നാടുകടത്തൽകൂടി ശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറു പേർക്കുംകൂടി 64 വർഷത്തെ തടവുശിക്ഷയാണ് ചുമത്തിയത്. ഇതിനു പുറമെ എ.ടി.എമ്മിൽ നിന്ന് കവർന്ന 14 ലക്ഷം റിയാൽ പ്രതികളിൽനിന്ന് ഇൗടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റകൃത്യത്തിന് എത്താൻ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും ഉത്തരവുണ്ട്. തടവുശിക്ഷ അനുഭവിച്ചശേഷമാണ് വിദേശികളായ പ്രതികളെ നാടുകടത്തുക.
ശിക്ഷിക്കപ്പെട്ട് നാടുകടത്തുന്നവരെ പിന്നീട് സൗദിയിലേക്ക് പുനഃപ്രവേശിപ്പിക്കില്ല. ഇൗ വർഷം ഫെബ്രുവരി 20ന് റിയാദ് നഗരത്തിലെ അൽജസീറ മേഖലയിലാണ് പ്രതികൾ ഉൾപ്പെട്ട കുറ്റകൃത്യം നടന്നത്.ഒരു ബാങ്ക് എ.ടി.എം തകർത്ത് ഇവർ 14 ലക്ഷം റിയാൽ കവരുകയായിരുന്നു. സ്ഫോടകവസ്തു ഉപയോഗിച്ച് എ.ടി.എം തകർത്തായിരുന്നു കൃത്യം. തുടർന്ന് അന്വേഷണം നടത്തി റിയാദ് പൊലീസ് പ്രതികളെ പിടികൂടി. വിവിധ രാജ്യക്കാരായ 11 പേരടങ്ങുന്ന സംഘമാണ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്. ഇതിൽ ആറുപേരെ മാത്രമേ പിടികൂടാനായുള്ളൂ. കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റകൃത്യത്തിലും പ്രതികൾ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതിലൂടെ ലഭിച്ച പണമെന്ന നിലയിൽ തൊണ്ടിമുതലായി പ്രതികളിൽനിന്ന് ഏഴു ലക്ഷം റിയാൽ കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ നടപടിച്ചട്ടപ്രകാരം കേസെടുത്ത് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് കോടതി പ്രതികൾക്കെതിരെ കടുത്ത ശിക്ഷ വിധിച്ചത്. പിടികിട്ടാത്ത ബാക്കി അഞ്ചു പ്രതികളെ കണ്ടെത്താൻ ഇൻറർപോളിെൻറ സഹായം തേടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.വിദേശത്തേക്കു കടന്ന ഇവരെ ഇൻറർപോളിെൻറ സഹായത്തോടെ പിടികൂടി സൗദിയിലെത്തിച്ച് നിയമനടപടിക്ക് വിധേയമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.