ജുബൈൽ: സൗദി അറേബ്യയെ ലോകോത്തര ചലച്ചിത്ര കേന്ദ്രമായി (ഫിലിം ഹബ്) മാറ്റാനും 500 ദശലക്ഷം ഡോളർ വരുമാനമുള്ള വ്യവസായമായി കെട്ടിപ്പടുക്കാനുമുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് ഫിലിം കമീഷൻ. ആറ് പ്രധാന മേഖലകളിലാണ് കമീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകോത്തര പ്രതിഭകളുടെ സാന്നിധ്യം ഉറപ്പാക്കുക, തദ്ദേശീയ പ്രതിഭകൾക്ക് മത്സരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക, മികച്ച സേവനങ്ങൾ, നിർദേശങ്ങൾ, പ്രോത്സാഹനങ്ങൾ തുടങ്ങിയവ പ്രദാനംചെയ്ത് ചലച്ചിത്ര മേഖല സൃഷ്ടിക്കുക, ആഭ്യന്തര ചലച്ചിത്ര നിർമാണം വർധിപ്പിക്കുക, അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളെ ആകർഷിക്കുക, മേഖലയുടെ ദ്രുതവികസനം സാധിക്കുന്ന നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുകയും വിപണികളിൽ സൗദി സിനിമകൾ പ്രോത്സാഹിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക എന്നതാണ് തന്ത്രങ്ങൾ.
സൗദി മികച്ച ഷൂട്ടിങ് ലൊക്കേഷനുകളാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയും ഷൂട്ടിങ്ങിനായി രാജ്യത്തെ തിരഞ്ഞെടുക്കാൻ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് അന്താരാഷ്ട്ര ഇൻസെൻറിവ് ഓഫർ ഉടൻ പ്രഖ്യാപിക്കും. പുതിയ സൗദി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വൈകാതെ ആരംഭിക്കും. സിനിമ നിർമാണം, സിനിമാറ്റിക് സ്റ്റോറി ടെല്ലിങ്, സൗണ്ട് എൻജിനീയറിങ്, ആനിമേഷൻ തുടങ്ങി ക്രിയാത്മകവും സാങ്കേതികവുമായ കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. സാങ്കേതിക ചലച്ചിത്ര വ്യവസായ വൈദഗ്ധ്യത്തിൽ പ്രതിഭ വികസനത്തിനായി ദേശീയ പരിശീലന പരിപാടിയും പ്രഫഷനൽ സർട്ടിഫിക്കേഷനും പ്രാബല്യത്തിൽ കൊണ്ടുവരും. ദേശീയവും അന്തർദേശീയവുമായ ഫിലിം സ്റ്റുഡിയോകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിതരണക്കാർ തുടങ്ങിയവരെ ആകർഷിക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കും. പെർമിറ്റുകൾ, ലൈസൻസുകൾ, വിസകൾ എന്നിവ എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയുന്ന ഏകജാലക സംവിധാനം ആരംഭിക്കും.
ഉപയോഗിച്ച വസ്തുവകകളുടെ സംരക്ഷണം, ചരിത്രപ്രാധാന്യമുള്ള സൗദി സിനിമകളുടെയും ഓഡിയോ വിഷ്വൽ ഉള്ളടക്കങ്ങളുടെയും ശേഖരണം, ഡിജിറ്റലൈസേഷൻ, സംരക്ഷണം എന്നിവക്കായി നാഷനൽ ആർക്കൈവ് ഓഫ് ഫിലിംസ് സ്ഥാപിക്കും. പുതിയ ബിസിനസ് അവസരങ്ങളും പങ്കാളിത്തവും സൗദി ചലച്ചിത്ര മേഖലയിൽ ശക്തിപ്രാപിച്ചു തുടങ്ങിയതായി ഫിലിം കമീഷൻ സി.ഇ.ഒ അബ്ദുല്ല അൽ ഖഹ്ത്വാനി പറഞ്ഞു.
സിനിമ നിർമാണത്തിനും പ്രതിഭകൾക്കുമുള്ള ആഗോള ഹബ്ബായി സൗദിയെ മാറ്റുക എന്ന തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഇത് ഏറെ പ്രയോജനകരമാണ്. സൗദിയിലെ സിനിമ വ്യവസായം പശ്ചിമേഷ്യയിൽ അതിവേഗം വളരുന്നുണ്ട്. ഇത് സൗദി ചലച്ചിത്ര മേഖലക്ക് ഏറെ ഉണർവേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ആറ് മുതൽ 13 വരെ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി ഫിലിം കമീഷെൻറ സ്ട്രാറ്റജി ലോഞ്ചിങ് നടക്കും. ഉദ്ഘാടന മേളയിൽ പ്രാദേശിക, അന്തർദേശീയ ചലച്ചിത്ര പ്രേമികളും ചലച്ചിത്ര നിർമാതാക്കളും ചലച്ചിത്ര നിക്ഷേപകരും പങ്കെടുക്കും. മേളയുടെ വികസനത്തിന് ഫിലിം കമീഷൻ സജീവ ഇടപെടലാണ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.