മദീന: റമദാൻ അവസാന പത്തിൽ മസ്ജിദുന്നബവിയിൽ പ്രാർഥനക്ക് വരുന്നവർക്ക് ലഭ്യമായതും ഒഴിഞ്ഞുകിടക്കുന്നതുമായ നമസ്കാര സ്ഥലങ്ങൾ മുൻകൂട്ടി അറിയാൻ ‘മസ്ജിദുന്നബവി നമസ്കാര സ്ഥലം ഒക്യുപ്പൻസി സ്റ്റാറ്റസ്’എന്ന സേവനമൊരുക്കി. മസ്ജിദുന്നബവി പരിപാലന അതോറിറ്റിയാണ് ഈ സൗകര്യം നൽകുന്നത്.
മസ്ജിദുന്നബവിയിലേക്ക് വരുന്നവർ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി അറിയിച്ചു. ഹറമിലെത്തുന്നവർക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിലൊന്നാണിത്. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ സേവനം ലഭ്യമാണ്. നമസ്കരിക്കാൻ വരുന്നതിന് മുമ്പ് പള്ളിയുടെ എല്ലാ ഭാഗങ്ങളിലെയും നിലവിലെ സ്ഥിതി അറിയാൻ ഈ സേവനത്തിലൂടെ കഴിയും. https://eserv.wmn.gov.sa/e-services/prayers_map/ എന്ന ലിങ്ക് വഴി സേവനം ലഭിക്കും. പള്ളിക്കുള്ളിലെ നമസ്കാരത്തിന് നിശ്ചയിച്ച 12 സ്ഥലങ്ങളിലെ തത്സമയ സ്ഥിതി പരിശോധിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി പറഞ്ഞു.
‘ലഭ്യം, തിരക്കാണ്, ലഭ്യമല്ല’ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഗുണഭോക്താവിന് നമസ്കാര സ്ഥലങ്ങളുടെ ഒക്യുപ്പൻസി സ്റ്റാറ്റസ് അറിയാൻ സാധിക്കും. മസ്ജിദുന്നബിയിലേക്കും മുറ്റങ്ങളിലേക്കുമുള്ള ഭക്തരുടെ സുഗമമായ പ്രവേശനത്തിനും പുറത്തുകടക്കലിനും ഈ സേവനം വലിയ സഹായകമാണ്. തിരക്കേറിയ സമയങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ഫീൽഡ് പ്രവർത്തന പദ്ധതികൾ സജീവമാക്കാനും ഇതിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.