റിയാദ്: സൗദി അറേബ്യയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് ഇനിമുതൽ കീശ ചോരും. നടക്കുന്നതിനിടെയോ വാഹനങ്ങളുടെയോ കെട്ടിടങ്ങളുടെയോ ജനാലകളിലൂടെയോ മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ 200 മുതൽ 1000 റിയാൽ വരെ പിഴ ചുമത്താനാണ് പരിഷ്കരിച്ച മാലിന്യ കൈകാര്യ നിയമത്തിലെ വ്യവസ്ഥ. മാലിന്യസംസ്‌കരണ നിയമത്തിെൻറയും അതിെൻറ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ ലംഘനങ്ങളുടെ വർഗീകരണത്തിനും പിഴകൾക്കും നാഷനൽ സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് അന്തിമരൂപം നൽകി.
ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമായ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത് ലാ) ഇതിെൻറ വിശദാംശങ്ങൾ ലഭ്യമാണ്. പരിഷ്കരിച്ച വ്യവസ്ഥകളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കാൻ പ്ലാറ്റ്ഫോമിൽ അവസരമുണ്ട്. പാത്രങ്ങൾക്കുള്ളിലെ മാലിന്യം വിതറുകയും പുനഃരുപയോഗിക്കാവുന്ന മാലിന്യങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നവർക്ക് കുറഞ്ഞത് 1,000 മുതൽ പരമാവധി 10,000 റിയാൽ വരെയാണ് പിഴ. അന്യരുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമാണമാലിന്യം വലിച്ചെറിയുന്നവർക്ക് 50,000 റിയാൽ വരെ പിഴ ചുമത്തും.
നിർമാണം, നവീകരണം എന്നിവക്കായുള്ള പൊളിക്കൽ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതിരുന്നാൽ 20,000 റിയാൽ വരെ പിഴ ഈടാക്കും. മെത്തകൾ, ഫർണിച്ചറുകൾ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാർപ്പിട മാലിന്യങ്ങൾ അതിനായി തയാറാക്കിക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും വഴിയരികിലും മറ്റും നിക്ഷേപിക്കുന്നവർക്ക് 1,000 റിയാൽ വരെയാണ് പിഴ. ഹരിത മാലിന്യങ്ങൾ അതിനായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലോ കണ്ടെയ്‌നറുകളുടെ പരിസരത്തോ നിക്ഷേപിച്ചാലും ഇതേ പിഴ ചുമത്തും.
മാലിന്യം നീക്കുന്നതിന് നിയമപരമായ അനുമതി ഉറപ്പാക്കാതെ കൊണ്ടുപോവുകയോ അവ സംസ്‌കരിക്കുന്നതിനായി ഒരു സേവന ദാതാവിനെയോ മാലിന്യ സംസ്‌കരണ കേന്ദ്രത്തെയോ ചുമതലപ്പെടുത്താത്ത സാഹചര്യത്തിൽ പരമാവധി ഒരു കോടി റിയാൽ വരെ പിഴ ചുമത്തും. നിർമാണം അല്ലെങ്കിൽ പൊളിക്കൽ ജോലികളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്ത നിയമ ലംഘനത്തിന് കുറഞ്ഞത് 5,000 റിയാലും പരമാവധി 20,000 റിയാൽ പിഴയും നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ തന്നെ മഴവെള്ളം ഒഴുകിപോകാനുള്ള ചാലുകളിലും താഴ്‌വരകളിലും കിണറുകളിലും ബീച്ചുകളിലും മാലിന്യ നിർമാർജനം നടത്തിയാലും മറ്റുള്ളവരുടെ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോ നിർമാണത്തിനോ പൊളിക്കുന്നതോ ആയ മാലിന്യം നിക്ഷേപിച്ചാൽ പരമാവധി പിഴ 50,000 റിയാൽ ആയിരിക്കും.
അപകടകരമായതും ആരോഗ്യത്തിന് ഹാനികരമായ മാലിന്യങ്ങളും ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കാത്തതിന് കുറഞ്ഞത് 10,000 പരമാവധി ഒരു ലക്ഷം റിയാലുമാണ് പിഴ. മാലിന്യ ഗതാഗത വാഹനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ മാലിന്യ ശേഖരണ, ഗതാഗത സേവന ദാതാക്കൾക്കും ഇതേ പിഴ ചുമത്തും. വാഹനത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാക്കിങ് ഉപകരണത്തിെൻറ ക്രമീകരണങ്ങൾ നശിപ്പിക്കുക, പ്രവർത്തനരഹിതമാക്കുക, അല്ലെങ്കിൽ മാറ്റുക, പൊതുസ്ഥലങ്ങളിൽ അനധികൃത പാർട്ടികൾക്കായി കണ്ടെയ്നറുകൾ സ്ഥാപിക്കുക എന്നിവക്കും പിഴയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.