റിയാദ്: കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉന്നത പഠനം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. വിജയശതമാനത്തിനനുസരിച്ച് സീറ്റുകൾ അനുവദിക്കാതെ ക്ലാസ് മുറികളിൽ കുട്ടികളെ കുത്തിനിറച്ച് പരിഹാരം കാണാനുള്ള സർക്കാറിന്റെ കുറുക്കുവഴികൾ വിദ്യാർഥികളോടുള്ള അവഹേളനമാണ്.
ഐ.സി.എഫിന്റെ വാർഷിക കൗൺസിലിനായി ഒരുങ്ങുന്നതിന്റെ ഭാഗമായി നടത്തിയ ‘സുസജ്ജം 2023’ ശിൽപശാലയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിങ് സംവിധാനം വി.എഫ്.എസ് ഏജൻസിയെ ഏൽപിച്ചതോടുകൂടി പ്രയാസത്തിലായതിന് പരിഹാരമായി കേരളത്തിൽ കൂടുതൽ വി.എഫ്.എസ് കേന്ദ്രങ്ങൾ അനുവദിക്കുകയും അവിടങ്ങളിലെല്ലാം വിസ സ്റ്റാമ്പിങ് സൗകര്യം ഒരുക്കാൻ സൗദി സർക്കാറിന്റെ അനുമതി വാങ്ങാൻ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാവണമെന്നും ശിൽപശാല അഭ്യർഥിച്ചു.
റിയാദിൽനിന്നുള്ള പ്രോവിൻസ്, നാഷനൽ നേതാക്കൾ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരെ കൂടാതെ 16 സെക്ടറുകളിൽനിന്നും 60 യൂനിറ്റുകളിൽനിന്നുമുള്ള ഭാരവാഹികൾ ശില്പശാലയിൽ പങ്കെടുത്തു. സെൻട്രൽ പ്രോവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി ശിൽപശാല ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കൗൺസിൽ നടപടിക്രമങ്ങളെക്കുറിച്ച് ഐ.സി.എഫ് സെൻട്രൽ പ്രോവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സാവാമ സംസാരിച്ചു.
ഗ്രൂപ് ചർച്ചക്ക് പ്രോവിൻസ് ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ നേതൃത്വം നൽകി. ഐ.സി.എഫ് പ്രസിദ്ധീകരണമായ പ്രവാസി വായനയുടെ റിയാദിലെ വരിക്കാരിൽനിന്ന് നറുക്കെടുപ്പിൽ വിജയിച്ച സിനാൻ തോന്നംതൊടിക്കുള്ള വിമാന ടിക്കറ്റ് നാഷനൽ ഐ.ടി കോഓഡിനേറ്റർ ഫൈസൽ മമ്പാട് കൈമാറി.
ഹാറൂനി ബിരുദം നേടിയ ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി വ ഹാറൂനി, ഹസൈനാർ ഹാറൂനി എന്നിവരെയും റിയാദ് ആസ്ഥാനമായ ലൈവ് മീഡിയ അക്കാദമിയുടെ ജേണലിസം ക്ലാസ് പൂർത്തിയാക്കിയ അബ്ദുൽ ഖാദർ പള്ളിപ്പറമ്പിനെയും അനുമോദിച്ചു. അഷ്റഫ് ഓച്ചിറ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, സി.പി. അഷ്റഫ് മുസ്ലിയാർ, നൗഷാദ് ഉമ്മുൽ ഹമാം, സമദ് മലസ്, ഇബ്രാഹിം മുസ്ലിയാർ, ബഷീർ മിസ്ബാഹി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനാകാര്യ സെക്രട്ടറി അസീസ് പാലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.