റിയാദ്: കഴിഞ്ഞ മാസം 15ന് സുഡാനിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘർഷത്തെ തുടർന്ന് സൗദി അറേബ്യ നടത്തിയ രക്ഷാപ്രവർത്തനത്തിന് വിരാമം. 550ലേറെ പേർക്ക് ജീവഹാനി സംഭവിക്കുകയും പതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത, സാധാരണ ജീവിതം ദുസ്സഹമായ സുഡാനിൽനിന്ന് 414 സ്വന്തം പൗരന്മാരെയടക്കം 8455 പേരെയാണ് സൗദി അറേബ്യ ഒഴിപ്പിച്ചത്. സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായപ്പോൾ തന്നെ സുഡാനിൽനിന്ന് തങ്ങളുടെ പൗരന്മാരെയും സഹോദര, സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു.
റോയൽ സൗദി നാവികസേനയുടെ കപ്പലുകളും വ്യോമസേന വിമാനങ്ങളും ഉപയോഗിച്ച് ഒഴിപ്പിച്ചവരെ ജിദ്ദയിലെത്തിക്കുകയും തങ്ങളുടെ നാടുകളിലേക്ക് മടങ്ങാൻ അവസരമൊരുക്കുകയും ചെയ്തു. സൗദി, യു.എസ് സംയുക്ത ശ്രമത്തിന്റെ ഭാഗമായി ജിദ്ദയിൽ നടന്ന ചർച്ചയിൽ സിവിലിയന്മാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുംവിധം സുഡാനിൽ ഏറ്റുമുട്ടുന്ന സൈനിക വിഭാഗങ്ങൾ താൽക്കാലിക ഒത്തുതീർപ്പിന് തയാറായ സാഹചര്യത്തിലാണ് സൗദി അറേബ്യ രക്ഷാദൗത്യം നിർത്തിവെച്ചത്.
സൗദിയുടെ മനുഷ്യത്വപരമായ ഇടപെടലുകളും എമിഗ്രേഷൻ നടപടി ഉദാരമാക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടുകയും ലോകമാധ്യമങ്ങൾ പ്രാധാന്യപൂർവം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഒഴിപ്പിച്ച വിവിധ നാട്ടുകാർക്ക് അവരുടെ ഭാഷകളിൽ സൗദി ഉദ്യോഗസ്ഥർ ഉപചാരമരുളുന്നതും ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതും കുഞ്ഞുങ്ങളെയും പ്രായമായവരെയും കാരുണ്യപൂർവം പരിചരിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോകനേതാക്കളും ഗൾഫ്, അറബ്, അന്താരാഷ്ട്ര സംഘടനകളും സൗദി അറേബ്യയെ അഭിനന്ദിക്കുകയും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയും സുരക്ഷയൊരുക്കുകയും അവരുടെ മടക്കയാത്ര സുഗമമാക്കുകയും ചെയ്തതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ സ്വീകരിക്കാനും മടക്കയാത്രക്ക് നടപടി കൈക്കൊള്ളാനും ജിദ്ദയിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരനും സൗദി സർക്കാറിന്റെ സേവനങ്ങൾ എടുത്തുപറഞ്ഞ് പ്രശംസിച്ചു.
സൗദി വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ നൽകിയ സഹായ സഹകരണങ്ങൾ അവിസ്മരണീയമാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹേൽ അജാസ് ഖാനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങളുടെ മുൻകൈയിൽ നടന്ന ഒഴിപ്പിക്കൽ പ്രക്രിയക്കിടെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പലായനം സുഗമമാക്കുന്നതിൽ സഹകരിച്ച സുഡാനിലെ സഹോദരങ്ങളോട് സൗദി സർക്കാറിന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവിച്ചു.
ഒഴിപ്പിക്കപ്പെട്ട തങ്ങളുടെ പൗരന്മാരുടെ കാര്യങ്ങൾ പിന്തുടരുകയും അവരെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമങ്ങളിൽ സൗദി അറേബ്യയുമായി സഹകരിക്കുകയും ചെയ്ത സഹോദര, സൗഹൃദ രാജ്യങ്ങളിലെ എല്ലാ സർക്കാറുകൾക്കും സൗദി അറേബ്യ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.