യാംബു: ജിദ്ദക്കും യാംബുവിനും ഇടയിലുള്ള ചെങ്കടൽ ഭാഗങ്ങളിലെ 70 സ്ഥലങ്ങളിൽ ഗവേഷണ സർവേ നടത്തുന്നു. കടലിലെ ആവാസവ്യവസ്ഥയെ കുറിച്ചാണ് പഠനം. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രമാണ് ഗവേഷണ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചത്. ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും അപൂർവ ജലജീവികളുടെയും ഉഭയജീവിതത്തെയും ആവാസവ്യവസ്ഥയെയും കുറിച്ചാണ് ഗവേഷണം.
സമുദ്ര ഗവേഷണരംഗത്തെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഉൾക്കൊള്ളുന്ന ഒരു സംഘം ഗവേഷണ സർവേ നടത്തും. സമുദ്ര പരിസ്ഥിതിയിൽ ജീവിക്കുന്ന അസംഖ്യം ജീവജാലങ്ങൾ, വർണാഭമായ എണ്ണമറ്റ പവിഴപ്പുറ്റുകൾ, കടലിലെ സസ്യജാലങ്ങൾ, വൈവിധ്യമാർന്ന മത്സ്യങ്ങൾ, ആമകൾ, മറ്റു കടൽ ജീവികൾ എന്നിവയുടെ ആവാസവ്യവസ്ഥ നിരീക്ഷിക്കാനും അവയെ സംരക്ഷിക്കാനുതകുന്ന പഠനങ്ങൾ നടത്താനും ഈ സർവേ ലക്ഷ്യമിടുന്നു.
പവിഴപ്പുറ്റുകളാണ് ചെങ്കടലിലെ ആവാസ വ്യവസ്ഥകളിൽ മുഖ്യമായ ഒന്ന്. കരയിലെ മഴക്കാടുകൾ പോലെ പ്രധാനമാണ് കടലിലെ പവിഴപ്പുറ്റുകൾ. കടലിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കുറക്കുന്നതിനും ഇവ നിമിത്തമാകുന്നു. കടലിന്റെ അടിത്തട്ടിലെ വർണാഭമായ പവിഴപ്പുറ്റുകളുടെയും സമുദ്ര സസ്യങ്ങളുടെയും വർണ മത്സ്യങ്ങളുടെയും കാഴ്ചകൾ നയനാനന്ദകരമാണ്.
സൗദിയിലെ ചെങ്കടൽ പ്രദേശം പവിഴപ്പുറ്റുകളാൽ സമൃദ്ധമാണ്. 260 ലധികം വ്യത്യസ്ത തരം പവിഴപ്പുറ്റുകളും 1,100 ലേറെ ഇനം മത്സ്യങ്ങളും മറ്റു വിവിധ സമുദ്രജീവികളും ചെങ്കടലിലുണ്ട്. പവിഴപ്പുറ്റുകൾ വളരാൻ ചില അനുകൂല സാഹചര്യങ്ങൾ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പരിസ്ഥിതി പ്രാധാന്യവും ജൈവസമ്പത്തും കണക്കിലെടുത്ത് കടലിലെ നിത്യഹരിത വനങ്ങളായും മഴക്കാടുകളായും ശാസ്ത്രലോകം ഇവക്ക് വിളിപ്പേരുകൾ നൽകിയിരിക്കുന്നു.
പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള സമുദ്രത്തിലെ ആവാസ വ്യവസ്ഥകളുടെ നിലവിലെ അവസ്ഥകളെ കുറിച്ചുള്ള കാലികമായ വിവരങ്ങൾ നൽകാനും രാജ്യത്തിന്റെ മഹത്തരമായ പ്രകൃതിസമ്പത്ത് സംരക്ഷിക്കാനും ബൃഹത്തായ പദ്ധതിയാണ് ദേശീയ വന്യജീവി കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.