അബഹ: സൗദിയിലേക്ക് ജോലിതേടിയെത്തിയ ശെന്തിൽ 17 വർഷമായി നാട്ടിൽ പോയിട്ടില്ല. ഒടുവിൽ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി. തമിഴ്നാട് കുംഭകോണം സ്വദേശിയായ ശെന്തിൽ (44) ഹൃദയാഘാതം മൂലം ഫെബ്രുവരി 16ന് അബഹയിലെ സൗദി ജർമൻ ആശുപത്രിയിലാണ് മരിച്ചത്. 2007 ജൂലൈയിലാണ് ഇയാൾ ഖമീസ് മുശൈത്തിൽ ഒരു സ്വദേശി പൗരെൻറ വീട്ടിൽ ഡ്രൈവറായി എത്തിയത്. പിന്നീട് ഡ്രൈവർ ജോലി വിട്ട് വീടുകളുടെ ഇലക്ട്രിക് ജോലിയിലേയ്ക്ക് മാറുകയായിരുന്നു. കഴിഞ്ഞ 17 വർഷവും ഒരേ സ്പോൺസറുടെ കീഴിലായിരുന്നു ശെന്തിൽ ജോലി ചെയ്തിരുന്നത്.
കെട്ടിടങ്ങളിലെ ഇലക്ട്രിക് ജോലികൾ കരാറെടുത്ത് ചെയ്തുവരുന്നതിനിടയിൽ ചില സാമ്പത്തിക ഇടപാടിൽ പെടുകയും കേസിൽ കുടുങ്ങുകയും ചെയ്തു. ഇത് കാരണമാണ് നാട്ടിലേക്കുള്ള വഴിയടഞ്ഞത്. ഇതിനിടയിൽ നാട്ടിൽ പോകാൻ സൗകര്യമൊരുക്കാമെന്നേറ്റ ഒരു മലയാളിക്ക് 18,000 റിയാൽ നൽകിയെങ്കിലും ഒന്നും നടന്നില്ല. ആ പണം തിരിച്ചുകിട്ടിയതുമില്ല. അതും നാട്ടിൽ പോകാൻ കഴിയാത്തതും വലിയ മനോവിഷമമുണ്ടാക്കിയിരുന്നു.
ഇതിനിടയിലാണ് പക്ഷാഘാതം കൂടി പിടിപെട്ടത്. തുടർന്ന് സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ രണ്ട് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി ബന്ധുക്കൾ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു. സാമൂഹിക പ്രവർത്തകനും കോൺസുലേറ്റ് സേവന വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം സഹായിക്കാനായി മുന്നോട്ട് വന്നു. ശെന്തിലിെൻറ സഹോദരൻ കാർത്തിക്കുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കി.
എന്നാൽ നാട്ടിൽ അയക്കാൻ വേണ്ടി സൗദി എയർലൻസ് വിമാനത്തിൽ അബഹയിൽ എത്തിച്ചപ്പോൾ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് കോവിഡുമായി ബന്ധപ്പെട്ട ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം എന്ന നിബന്ധന തടസ്സമായി. ആശുപത്രി അധികാരികളുമായി സംസാരിച്ച് രേഖ വരുത്തി ആ കടമ്പ കടന്നു. അബഹയിൽനിന്ന് ജിദ്ദ എയർപ്പോർട്ടിൽ എത്തിച്ചു. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ വഴി ചെന്നൈയിലേക്ക് അയക്കാൻ ശ്രമിക്കുമ്പോൾ അടുത്ത പ്രശ്നമുയർന്നു. ശെന്തിലിെൻറ പേരിൽ ഏഴുവർഷം മുമ്പുണ്ടായ ഒരു അപകടത്തിെൻറ പേരിൽ നിലവിലുള്ള കേസായിരുന്നു അത്. ഹനീഫ് മഞ്ചേശ്വരം ഉടൻ ബന്ധപ്പെട്ട അധികാരികളുമായെല്ലാം ബന്ധപ്പെട്ട് ആ പ്രശ്നവും പരിഹരിച്ചു. തുടർന്ന് പുലർച്ചെയുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള മുഴുവൻ തുകയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.