തനിമ പ്രവർത്തകർ റിയാദിലെ പ്രവാസികൾക്കിടയിൽ പെരുന്നാൾ മധുരം നൽകുന്നു
റിയാദ്: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹിതമായ ആശയങ്ങൾ പങ്കുവെക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് തനിമ പ്രവർത്തകർ റിയാദിലെ പ്രവാസികൾക്കിടയിൽ പെരുന്നാൾ മധുരം നൽകി. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന്റെ സമാപനമായി ഇസ്‌ലാം മതവിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ സഹോദര സമുദായങ്ങൾക്കിടയിൽ അതിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും സന്തോഷം പങ്കിടാനുമാണ് ഇത്തരമൊരു പരിപാടി ഒരുക്കിയതെന്ന് തനിമ സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ പറഞ്ഞു.
മതങ്ങൾക്കും മനുഷ്യർക്കുമിടയിൽ കൂടുതൽ ഇഴയടുപ്പം ഉണ്ടാകേണ്ട സാഹചര്യത്തിൽകൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ തനിമ പ്രവർത്തകർ തങ്ങളുടെ സുഹൃദ് വലയത്തിലും സാമൂഹിക സാംസ്കാരിക പ്രവർത്തകർക്കും ഈദ് മധുരം നൽകി.
ഇത് ബന്ധങ്ങൾ ഊഷ്മളമാക്കുവാനും വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും സഹായകരമാകട്ടെ എന്ന് പ്രവാസി സുഹൃത്തുക്കൾ പ്രതികരിച്ചു. അജ്മൽ പി.സി.എം, ഖലീൽ അബ്ദുല്ല, നജാത്തുല്ല, അമീൻ കുപ്പനത്ത്, സബ്ന ലത്തീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.