ഉമ്മർ ഉള്ളാട്ടിൽ

താനൂർ ബോട്ട് ദുരന്തം : സഹോദരി ഭർത്താവിനെയും കുട്ടികളെയും നഷ്ടപെട്ട ഉമ്മർ ഉള്ളാട്ടിൽ വിതുമ്പുന്നു

ജുബൈൽ: താനൂരിൽ നടന്ന ദാരുണമായ ബോട്ട് അപകടത്തിൽ സഹോദരി ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ട്ടപെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിന്റെ സങ്കടം ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളെയും കരയിച്ചു. ജുബൈൽ ഡൈൻ ഗാർഡൻ ഹോട്ടൽ ജീവനക്കാരനായ ഉമ്മറിന്റെ സഹോദരി ഭർത്താവായ ഓലപ്പീടിക സ്വദേശി സിദ്ധീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസാൻ (4) എന്നിവരാണ് കഴിഞ്ഞ ദിവസം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ചത്.

മൂന്നാമത്തെ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മക്കൾക്ക് സ്കൂൾ യൂണിഫോമും ബുക്കുകളും വാങ്ങുന്നതിനുവേണ്ടി ഭാര്യയെ വീട്ടിലാക്കി മക്കളെയും കൂട്ടി പോയതാണ് സിദ്ദീഖ്. വൈകിട്ട് ആറരക്ക് ഭർത്താവിനെയും കുട്ടികളെയും കാണാത്തതിനെ തുടർന്ന് ഭാര്യ വിളിച്ചിരുന്നു. സാധനം വാങ്ങിയ ശേഷം കടൽ കാണാൻ വന്നതാണെന്നും ബോട്ട് സവാരി കൂടി നടത്തിയിട്ട് ഉടനെ മടങ്ങുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ അങ്കലാപ്പിലായി.

ഇതിനിടെ താനൂരിൽ അപകടം നടന്ന ഉടൻ വാട്ട്സ്ആപ്പ് ഗ്രുപ്പിൽ മരിച്ച ചിലരുടെ പേരുൾപ്പടെ വന്നതോടെയാണ് ഉമ്മർ തൻറെ സഹോദരി ഭർത്താവ് മരിച്ച വിവരമറിയുന്നത്. അവരുടെ മക്കളും ഉണ്ടെന്നറിഞ്ഞതോടെ തകർന്നുപോയ ഉമ്മറിനെ ആശ്വസിപ്പിക്കാൻ കെ.എം.സി.സി ഭാരവാഹികളായ ഉസ്മാൻ ഒട്ടുമ്മൽ, ഷംസുദ്ദീൻ പള്ളിയാളി, ഇബ്രാഹിം കുട്ടി, റാഫി കൂട്ടായി, അനീഷ് താനൂർ എന്നിവർ വീട്ടിലെത്തി. എന്നാൽ കുട്ടികളുമായി വളരെ നല്ല അടുപ്പം കാണിച്ചിരുന്ന ഉമ്മറിന് അവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന സിദ്ദീഖ് മൂത്ത മകളുടെ ചികിത്സക്കും മറ്റുമായി നാട്ടിൽ തന്നെ കൂടുകയായിരുന്നു. നാട്ടിലേക്ക് തിരിച്ച ഉമ്മർ ഉള്ളാട്ടിന് അളിയന്റെയും മക്കളുടെയും മൃതദേഹങ്ങൾ വിമാനത്താവളത്തിൽ വെച്ച് വീഡിയോയിൽ കൂടി മാത്രമേ കാണാനായുള്ളൂ.

Tags:    
News Summary - Tanur Boat Accident; ummar ullattil lost his brother in law and nephews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.