മക്ക: ഹജ്ജ് സമയത്ത് മക്കയിലെയും മദീനയിലെയും കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം സി.ഇ.ഒ അയ്മൻ ഗുലാം പറഞ്ഞു. ഉച്ചക്കു ശേഷം താപനില 45 മുതൽ 48 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ഉഷ്ണത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. റോഡുകളും നടപ്പാതകളും പെയിൻറ് ചെയ്തും ജലം സ്പ്രേ ചെയ്തും കുടകൾ സ്ഥാപിച്ചും ചൂട് കുറക്കുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്തുവരുന്നതായും സി.ഇ.ഒ പറഞ്ഞു.
സമ്പൂർണ സംവിധാനത്തിലൂടെയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെയും നേരത്തേ എല്ലാവിധ തയാറെടുപ്പുകളും നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ യോഗങ്ങളും വർക്ക് ഷോപ്പുകളും നടത്തുന്നുണ്ട്. ഹജ്ജ് സീസണിലെ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള സാധ്യമായ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നു. പുണ്യസ്ഥലങ്ങളിലും ഇരുഹറമുകൾക്കടുത്തും അവയിലേക്കുള്ള റോഡുകളിലും ഓട്ടോമാറ്റിക് സ്റ്റേഷനുകൾ വർധിപ്പിക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ 33 ഫിക്സഡ്, മൊബൈൽ ഓട്ടോമാറ്റിക് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന, അറഫ സ്റ്റേഷനുകൾക്ക് പുറമെയാണിത്. ഹറമിനെറ ആകാശം നിരീക്ഷിക്കാൻ ഒരു മൊബൈൽ റഡാറും പ്രവർത്തിപ്പിക്കുന്നുണ്ട്. എല്ലാ സൈനിക, സിവിൽ അധികാരികൾക്കും ഉചിത തീരുമാനങ്ങളെടുക്കാനും തീർഥാടകർക്ക് അപ്പപ്പോൾ മാർഗനിർദേശം നൽകാനും അവരെ പ്രാപ്തരാക്കുന്നതിനും കേന്ദ്രം മുഴുസമയം കാലാവസ്ഥ നിരീക്ഷണ സംബന്ധമായ റിപ്പോർട്ടുകൾ നൽകുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.