റിയാദ്: രാജ്യം നേരിടുന്ന ഫാഷിസ്റ്റ് വത്കരണത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി തെരുവുകളും സാംസ്കാരിക ഇടങ്ങളും സമരമുഖമാക്കുകയാണ് വേണ്ടതെന്ന് തനിമ സാംസ്കാരികവേദി സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു. ഭയം ജനിപ്പിച്ചു ന്യൂനപക്ഷ ജനവിഭാഗങ്ങളെ വരുതിയിൽ നിർത്താനുള്ള ശ്രമങ്ങളെ ജനാധിപത്യ മാർഗത്തിൽ ചെറുത്തുതോൽപിക്കണമെന്നും അവക്കെതിരെ ധീരമായി നിലകൊള്ളണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ജമാൽ അധ്യക്ഷത വഹിച്ചു.
പണ്ഡിതനും വാഗ്മിയുമായ ശംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ജനവിഭാഗത്തിന്റെ വിശ്വാസ ആദർശങ്ങൾ റദ്ദ് ചെയ്യാനുള്ള ശ്രമങ്ങളെ ഖുർആനിക ആശയങ്ങളുടെയും ചരിത്രത്തിന്റെയും ഭൂമികയിൽനിന്നുകൊണ്ട് നേരിടണമെന്നും കോടതികളും ശാഖകളും ഒന്നായി മാറിയ സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭങ്ങളല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തോടുള്ള ആർത്തിയും പ്രലോഭനങ്ങളും വെടിഞ്ഞ് നീതിയുടെ മാർഗത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തിൽ അടിയുറച്ചു നിൽക്കുകയും ഗാന്ധിയൻ ദർശനങ്ങൾ പിന്തുടരുകയുമാണ് ഈ ഘട്ടത്തിൽ കരണീയമെന്ന് കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് ചൂണ്ടിക്കാട്ടി.
ബാബരി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യയുടെ നാണക്കേട് എന്ന് അച്ച് നിരത്തിയ ദേശീയ മാധ്യമങ്ങൾ ക്ഷേത്രം പണിതപ്പോൾ അഭിമാനമായി കണ്ടത് നമ്മുടെ പൊതുബോധത്തിന്റെ ദൈന്യതയാണെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി പ്രതിനിധി അഡ്വ. ജലീൽ അഭിപ്രായപ്പെട്ടു.
ആത്മീയമായ കരുത്തും വിശ്വാസദാർഢ്യവുമാണ് നമുക്ക് വേണ്ടതെന്ന് ആർ.ഐ.സി.സി പ്രതിനിധി ഉമർ ഫാറൂഖ് പറഞ്ഞു. ഇന്ത്യയെ മുച്ചൂടും ഗ്രസിച്ച വംശീയതയിൽനിന്ന് പൊടുന്നനെയുള്ള മുക്തിയില്ലെന്നും ചെറുതും വലുതുമായ പോരാട്ടങ്ങളാണ് ആവശ്യമെന്നും സമസ്ത ഇസ്ലാമിക് സെൻറർ പ്രതിനിധി ഷാഫി തുവ്വൂർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണഘടന മുസ്ലിംകളുടെ മാത്രം ബാധ്യതയല്ലെന്നും അത് നിലനിർത്താൻ എല്ലാ ജനവിഭാഗങ്ങൾക്കും ചുമതലയുണ്ടെന്നും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി സഹൽ ഹാദി അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, വികസനം, തൊഴിൽ പോലെയുള്ള രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ മറച്ചുപിടിച്ച് ആരാധനാലയങ്ങൾ പൊളിക്കാൻ പായുകയാണ് നമ്മുടെ രാജ്യമെന്ന് പ്രവാസി വെൽഫെയർ കേന്ദ്രകമ്മിറ്റി അംഗം അംജദ് അലി ആരോപിച്ചു. ഫാഷിസത്തിനെതിരെ സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സംഗമം കോഴിക്കോട് പ്രതിനിധി മുഹമ്മദ് ഷാഹിൻ ആഹ്വാനം ചെയ്തു.
മിത്തിനെ യാഥാർഥ്യമാക്കാനും സത്യങ്ങളെ മിത്താക്കാനുമാണ് ആർക്കിയോളജി വിഭാഗം ശ്രമിക്കുന്നതെന്നും രാജ്യത്തിന്റെ അടിവേരും സൗഹൃദവുമാണ് അവർ ഖനനംചെയ്യുന്നതെന്നും സമാപന പ്രസംഗത്തിൽ തനിമ എക്സിക്യൂട്ടിവ് അംഗം റഹ്മത്തെ ഇലാഹി പറഞ്ഞു. തനിമ സെൻട്രൽ പ്രൊവിൻസ് സെക്രട്ടറി ആസിഫ് കക്കോടി സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. ഖലീൽ അബ്ദുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.