മക്ക: ഹജ്ജിന്റെ ഏറ്റവും സുപ്രധാനമായ അറഫ സംഗമത്തിന് എത്തിയ തീർഥാടകർക്ക് തനിമ ഹജ്ജ് സെല്ലിന് കീഴിലെത്തിയ വളൻറിയർമാരുടെ സേവനം ഏറെ ആശ്വാസമായി. നിയമപരമായ കാരണങ്ങളാൽ വിവിധ സംഘടനകൾക്ക് ഇത്തവണ അറഫയിൽ എത്താൻ സാധിച്ചില്ല. അതിനാൽ വലിയ സേവന ദൗത്യമാണ് അറഫയിൽ തനിമ വളൻറിയർമാർക്ക് നിർവഹിക്കാൻ ഉണ്ടായിരുന്നത്. ദുൽഹജ്ജ് എട്ടിന് തന്നെ വളൻറിയർ ക്യാമ്പിലെത്തിയ സന്നദ്ധസേവകരെ ടീമുകളാക്കി തിരിച്ച് വീൽ ചെയറുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കുകയും വളൻറിയർമാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ നൽകി ഒരുക്കുകയും ചെയ്തു.
ആദ്യ തീർഥാടകൻ അറഫയിൽ എത്തിയത് മുതൽ വളൻറിയർ സംഘം അറഫ മെട്രോ സ്റ്റേഷൻ രണ്ടിലെത്തി സേവനങ്ങൾ ആരംഭിച്ചിരുന്നു. മെട്രോയിലെത്തിയ തീർഥാടകരെ അവരുടെ ഹജ്ജ് സർവിസ് കമ്പനി തിരിച്ച് കൃത്യമായി ടെൻറുകളിലേക്ക് വഴിതിരിച്ചുവിടുക, അവശരായ ഹാജിമാരെ വീൽ ചെയറിൽ ടെൻറുകളിലെത്തിക്കാൻ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് നിർവഹിച്ചത്.
അവസാന തീർഥാടകൻ അറഫയിലെത്തുന്നത് വരെ മെട്രോ സ്റ്റേഷനിൽ സേവനം തുടർന്നു. പ്രതികൂല കാലാവസ്ഥയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഹാജിമാരെ ആശുപത്രികളിൽ എത്തിച്ച് ചികിത്സകൾ നൽകുക, പാദരക്ഷകൾ വിതരണം ചെയ്യുക, ടെൻറുകളിൽനിന്ന് വഴിതെറ്റുന്ന ഹാജിമാരെ തിരിച്ചെത്തിക്കുക, വീൽചെയറിൽ വന്ന ഹാജിമാരെ ടെൻറുകളിലേക്കും തിരിച്ചും എത്തിക്കുക, വിവിധ ഹജ്ജ് ഓഫിസുകൾ (മക്തബുകൾ) കേന്ദ്രീകരിച്ച് മക്തബ് മേലുദ്യോഗസ്ഥരുമായി ടെൻറുകളിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, തുടങ്ങി ശ്രമകരമായ സേവനപ്രവർത്തനങ്ങളാണ് ശക്തമായ ചൂടിനെ അവഗണിച്ചും വളൻറിയർമാർക്ക് ചെയ്യാൻ സാധിച്ചത്.
നോൺ മെഹ്റം ഹാജിമാരുടെ ക്യാമ്പുകളിൽ വനിത വളൻറിയർമാർ ഹാജിമാരുടെ നിരവധി പ്രശ്നങ്ങൾക്ക് ആശ്വാസം പകരാൻ സാധിച്ചതായും വാർത്തക്കുറിപ്പിൽ പറഞ്ഞു. ടെൻറുകൾ കണ്ടെത്താനും ഭക്ഷണ-പാനീയ വിതരണത്തിനും അവശരായവരെ വീൽചെയറിൽ അവരുടെ ടെൻറുകളിലെത്തിക്കാനും വനിത വളൻറിയർമാർക്ക് സാധിച്ചു.
ദുൽഹജ്ജ് 10 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വളൻറിയർമാർ മിനയിൽ മൂന്ന് ഷിഫ്റ്റുകളിലായി മുഴുദിന സേവനമനുഷ്ഠിക്കുന്നുണ്ട്. അറഫ സേവനങ്ങൾക്ക് വളൻറിയർ കൺവീനർ അബ്ദുൽ ഹക്കീം ആലപ്പുഴ, അറഫ ഓപറേഷൻ കോഓഡിനേറ്റർ ശമീൽ ചേന്ദമംഗല്ലൂർ, വളൻറിയർ കൺവീനർ സഫീർ മഞ്ചേരി, വനിത വളൻറിയർ നേതാക്കളായ ആയിഷത്ത് ഷഫീറ പെരിങ്ങാടി, ആരിഫ അബ്ദുൽ സത്താർ, മുന അനീസ്, ഷാനിബ നജാത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.