ദമ്മാം: ഈദിനോടനുബന്ധിച്ച് തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം സംഘടിപ്പിച്ച 'വിനോദ വിജ്ഞാന ചരിത്ര പഠനയാത്ര' വേറിട്ട അനുഭവമായി. ചരിത്രം തണൽ വിരിച്ച തബൂക്ക് പ്രവിശ്യയടക്കമുള്ള സൗദിയിലെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്കാണ് 'ഈദ് ഖാഫില' എന്ന തലക്കെട്ടിൽ രണ്ടു ബസുകളിലായി അഞ്ചു ദിവസത്തെ യാത്ര സംഘടിപ്പിച്ചത്. വടക്കുപടിഞ്ഞാറൻ മേഖലയിൽ അധിവസിച്ചിരുന്ന, നൂറ്റാണ്ടുകൾ പിറകിലേക്ക് വേരാഴ്ത്തിയ സ്വാലിഹ്, ശുഐബ്, മൂസ തുടങ്ങിയ പ്രവാചകന്മാരുടെ ജനതതികളുടെ വാസസ്ഥലവും ചരിത്ര-ഭൂമിശാസ്ത്ര സവിശേഷതകൾ പങ്കുവെക്കുന്ന പ്രദേശങ്ങളുമാണ് മുഖ്യമായും സന്ദർശിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും സുപ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ അൽഉലയുടെ ഭൂമിശാസ്ത്ര പരിധിയിൽ വരുന്ന മദായിൻ സാലിഹ്, മദ്യൻ ശുഐബ് എന്നിവിടങ്ങളിലാണ് ആദ്യം സന്ദർശിച്ചത്. എലഫന്റ് റോക്ക്, ഓൾഡ് ടൗൺ, വിന്റർ പാർക്ക് എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. ഉസ്മാനിയ ഖിലാഫത്തിൽ സ്ഥാപിച്ച തബൂക്ക് കോട്ട, പുരാതന ഹിജാസ് റെയിൽവേ സ്റ്റേഷൻ, തബൂക്ക് യുദ്ധസമയത്ത് നിർമിച്ച തൗബ മസ്ജിദ്, മൂസ നബിയുടെ 12 അരുവികൾ നിറഞ്ഞ പ്രദേശം, ജോർഡൻ, ഈജിപ്ത്, ഇസ്രായേൽ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങളുടെ ഭൂമിശാസ്ത്ര അതിർത്തി പങ്കിടുന്ന 'ഹഖ്ൽ' കടൽതീരം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഇസ്ലാമിക ഭരണകൂടം സ്ഥാപിതമാകുന്നതിന് സാക്ഷ്യം വഹിച്ച മദീനയിലെ ഖുബാ മസ്ജിദ്, ഖിബിലത്തൈൻ മസ്ജിദ്, ഉഹ്ദ്- ഖൻദഖ് യുദ്ധങ്ങൾ നടന്ന സ്ഥലം, മസ്ജിദുന്നബവി തുടങ്ങിയവയായിരുന്നു മദീനയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ. ഓരോ പ്രദേശത്തിന്റെയും ചരിത്ര-ഭൂമിശാസ്ത്ര പ്രത്യേകതകൾ സന്ദർശനത്തിനുമുമ്പ് യാത്രക്കാർക്ക് വിവരിച്ചുനൽകിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികളും വിജ്ഞാന ക്ലാസുകളും ചർച്ച സദസ്സും ബസിനുള്ളിൽ സംഘടിപ്പിച്ചു. തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് അൻവർ ശാഫി നയിച്ച യാത്രയിൽ അയ്മൻ സയീദ്, നയീം അബ്ബാസ്, അർശദ് അലി വാണിയമ്പലം, ഉബൈദ് മണാട്ടിൽ എന്നിവർ കോഓഡിനേറ്റർമാരായിരുന്നു. മുഹമ്മദ് കോയ കോഴിക്കോട്, കബീർ മുഹമ്മദ്, സിനാൻ, മുഹമ്മദലി, റഫീഖ് കട്ടുപാറ, റഊഫ് ചാവക്കാട്, അൻവർ പാലക്കാട്, ഡോ. ജൗഷീദ്, സാബു മേലതിൽ, അഷ്റഫ്, ഫിറോസ്, നാസർ ഖഫ്ജി, മെഹ്ബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.