റിയാദ്: ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കജനകമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്. സൗദിയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ അദ്ദേഹം, റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ജനാധിപത്യ വിശ്വാസികൾ നാം ഭാരതീയരാണ് എന്ന് പറയുന്ന വൈകാരികതയല്ല ബി.ജെ.പിയുടേത്. അവർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുകയാണ്. അതുകൊണ്ടാണ് എതിർക്കപ്പെടേണ്ടത്. അല്ലാതെ ഭാരതമെന്ന പേരിനോടുള്ള വിയോജിപ്പല്ല.
സനാതന ധർമം തുടച്ചുനീക്കേണ്ടതാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്ന് എം.എൽ.എ പറഞ്ഞു. ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ‘ഇൻഡ്യ’ മുന്നണി ലക്ഷ്യം കാണാനുള്ള കഠിനപരിശ്രമത്തിലാണ്. നിർണായകമായ ഈ സമയത്ത് ഇത്തരം പ്രസ്താവനകൾ സംഘ്പരിവാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കും. അതുകൊണ്ട് വിവാദമുണ്ടാകാൻ സാധ്യതയുള്ള പ്രസ്താവനകളെല്ലാം ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരെ ഐക്യജനാധിപത്യ മുന്നണി സാധ്യമാകുംവിധമുള്ള എല്ലാ ചെറുത്തുനിൽപ്പും നടത്തും. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളോട് മുസ്ലിം ലീഗിന് തണുത്ത സമീപനം ആണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ലീഗ് നേതാക്കൾ എല്ലാ വേദിയിലും ടെലിവിഷൻ ചർച്ചകളിലും ഇക്കാര്യങ്ങൾ പറയുന്നുണ്ടെന്നും മാത്യു കുഴൽനാടന് നിയമസഭയിൽ തനിക്കുള്ള സമയം പകുത്തുനൽകി പിന്തുണ പ്രഖ്യാപിച്ചെന്നും എം.എൽ.എ പറഞ്ഞു. തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഭരണപരാജയം തുറന്നു സമ്മതിച്ചു. എന്നിട്ടും മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. പുതുപ്പള്ളിയിൽ വോട്ടഭ്യർഥിച്ചു വീടുകളിൽ കയറിയപ്പോൾ ഓരോ വീടിനും ഉമ്മൻ ചാണ്ടി ചെയ്ത ഒരു സേവനമെങ്കിലും പറയാനുണ്ടായിരുന്നു.
കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘പിരിസപ്പാട്’ സ്നേഹസംഗമത്തിൽ പങ്കെടുക്കാനാണ് എം.എൽ.എ എത്തിയത്. വാർത്തസമ്മേളനത്തിൽ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് കുഞ്ഞി കരകണ്ടം, ജനറൽ സെക്രട്ടറി ഇബ്രാഹീം മഞ്ചേശ്വരം, കാസർകോട് കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, മണ്ഡലം ചെയർമാൻ ഖാദർ നാട്ടക്കൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.