ജിദ്ദ: ജിദ്ദയുടെ ഹൃദയഭാഗത്തിെൻറ മുഖച്ഛായ മാറ്റുന്ന 'സെൻട്രൽ ജിദ്ദ' പദ്ധതിയും അതിെൻറ പ്രധാന സവിശേഷതകളും പ്രഖ്യാപിച്ചു. കിരീടാവകാശിയും സെൻട്രൽ ജിദ്ദ ഡെവലപ്മെൻറ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതിപ്രഖ്യാപനം നടത്തിയത്.
മൊത്തം 75 ശതകോടി റിയാലിെൻറ നിക്ഷേപത്തോടെ 5.7 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പൊതുനിക്ഷേപ ഫണ്ടിെൻറയും സൗദിക്കകത്തും പുറത്തുമുള്ള സ്വകാര്യ നിക്ഷേപകരുടെയും മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തിെൻറ എല്ലാ പ്രദേശങ്ങളും നഗരങ്ങളും വികസിപ്പിക്കുന്നതിലുള്ള കിരീടാവകാശിയുടെ താൽപര്യത്തിെൻറ ഭാഗമായാണ് സെൻട്രൽ ജിദ്ദ പദ്ധതി മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയിരിക്കുന്നത്.
ജിദ്ദ നഗരത്തിെൻറ സാമ്പത്തികനില മെച്ചപ്പെടുത്താൻ സഹായിക്കുന്ന, ചെങ്കടലിെൻറ നേരിട്ടുള്ള കാഴ്ചകളുള്ള ജിദ്ദയുടെ ഹൃദയഭാഗത്തെ ആഗോള ലക്ഷ്യസ്ഥാനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, 2030ഓടെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ 47 ശതകോടി റിയാൽ അധിക മൂല്യം കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതി മൂന്നു ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടം 2027 വർഷാവസാനത്തോടെ പൂർത്തിയാകും.
ഓപേറ ഹൗസ്, മ്യൂസിയം, സ്പോർട്സ് സ്റ്റേഡിയം, ഓഷ്യൻ ബേസിനുകൾ, കോറൽ ഫാമുകൾ എന്നിങ്ങനെ നാലു പ്രധാന അന്താരാഷ്ട്ര ലാൻഡ് മാർക്കുകൾ പദ്ധതിയിലുൾപ്പെടും. നിലവാരമുള്ള 10 വിനോദ വിനോദസഞ്ചാര പദ്ധതികളുമുണ്ട്. ടൂറിസം, സ്പോർട്സ്, സാംസ്കാരികം, വിനോദം എന്നീ മേഖലകളുടെ വികസനത്തിനും പ്രാദേശിക സ്വകാര്യ മേഖലക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പങ്കാളിയാകാനുള്ള വഴി തുറക്കുന്നതിനും പദ്ധതി സഹായിക്കും.
17,000 ഹൗസിങ് യൂനിറ്റുകൾ ഉൾപ്പെടുന്ന ആധുനിക റെസിഡൻഷ്യൽ ഏരിയകളുടെ നിർമാണവും വികസനവും ഉൾപ്പെടെ 2700ലധികം മുറികളുള്ള വിവിധ ഹോട്ടൽ പദ്ധതികൾ, ലോകോത്തര നിലവാരത്തിലുള്ള ബീച്ച് (മറീന), അതിശയിപ്പിക്കുന്ന ബീച്ച് റിസോർട്ടുകൾ എന്നിവയും പദ്ധതിയിലുൾപ്പെടും. പ്രാദേശികവും അന്തർദേശീയവുമായ ആഡംബര ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, വിവിധ ഷോപ്പിങ് ഏരിയകൾ പദ്ധതി ലക്ഷ്യമിടുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക ഡിസൈനുകളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകളുടെ സഹായത്താൽ ഹിജാസി വാസ്തുവിദ്യയുടെ സവിശേഷത ഉൾക്കൊള്ളിച്ചായിരിക്കും പദ്ധതിക്കു കീഴിലെ കെട്ടിടങ്ങളും മറ്റും ഡിസൈൻ ചെയ്യുക. നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡെസ്റ്റിനേഷൻ കൂടിയാകും.
ഗ്രീൻ സൗദി ഇനിഷ്യേറ്റിവിെൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണക്കുന്നതിന് സംഭാവന ചെയ്യുന്ന പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള മികച്ച സുസ്ഥിര സാങ്കേതിക വിദ്യകളും ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു വിദഗ്ധ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് 500ലധികം എൻജിനീയർമാരും കൺസൽട്ടൻറുമാണ് മാസ്റ്റർ പ്ലാനിെൻറ രൂപകൽപനയിൽ പങ്കെടുത്തത്.
താമസക്കാർക്കും സന്ദർശകർക്കും മികച്ച ജീവിതശൈലി പ്രദാനംചെയ്യുന്നതോടൊപ്പം സമ്പന്നമായ സമ്പദ് വ്യവസ്ഥയും ഊർജസ്വലമായ സമൂഹവും കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യുമെന്നാണ് വിലയിരുത്തൽ. സെൻട്രൽ ജിദ്ദ പദ്ധതിയിൽ നിരവധി പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
9.5 കിലോമീറ്റർ നീളമുള്ള വാട്ടർ സ്ട്രിപ്പുള്ള വാട്ടർ ഫ്രണ്ട് ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുംനിന്ന് ബോട്ടുകൾ സ്വീകരിക്കാൻ തയാറുള്ള അന്താരാഷ്ട്ര സവിശേഷതകളുള്ള ബീച്ച്, 2.1 കിലോമീറ്റർ നീളമുള്ള മണൽ കടൽത്തീരം, ഹരിത ഇടങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, പൊതുസേവനങ്ങൾ എന്നിവ പദ്ധതിപ്രദേശത്തിെൻറ 40 ശതമാനം വരും.
പൊതു നിക്ഷേപ ഫണ്ടിെൻറ പ്രധാന പ്രാദേശിക നിക്ഷേപങ്ങളിലൊന്നാണ് പദ്ധതി. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നതിനും രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നതായിരിക്കും. ഇതിനായി സെൻട്രൽ ജിദ്ദ ഡെവലപ്മെൻറ് കമ്പനി എന്ന പേരിൽ 2019ൽ പൊതു നിക്ഷേപ ഫണ്ട് കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
മക്ക ഗവർണർ നന്ദി അറിയിച്ചു
ജിദ്ദ: 'സെൻട്രൽ ജിദ്ദ' പദ്ധതി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് സൗദി ഭരണകൂടത്തിനും കിരീടാവകാശിക്കും മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നന്ദി പറഞ്ഞു. സെൻട്രൽ ജിദ്ദ പദ്ധതി പ്രഖ്യാപിച്ചതിൽ ഏറെ സന്തോഷമുണ്ട്. എെൻറയും മേഖലയിലെ ജനങ്ങളുടെയും നന്ദി അറിയിക്കുന്നു.
ഏറ്റവും നൂതനവും പരിഷ്കൃതവുമായ രീതികളിലൂടെ കൂടുതൽ വികസനവും പുരോഗതിയും കൈവരിക്കാൻ സഹായിക്കുന്നതാണ്. വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതിനായി നേട്ടങ്ങളുടെയും വളർച്ചയുടെയും സമൃദ്ധിയുടെയും നിലവാരം പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന സാമ്പത്തിക ഉണർവാണ് ജിദ്ദ നഗരത്തിനുള്ളത്. നിക്ഷേപങ്ങൾ ഉപയോഗിച്ച് ജിദ്ദയുടെ ഹൃദയഭാഗത്ത് ഒരു ആഗോള ലക്ഷ്യസ്ഥാനം സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. സാമ്പത്തിക മേഖലകളുടെ വികസനത്തിന് ഇതു സംഭാവന ചെയ്യും.
ജിദ്ദ നഗരത്തിലെ സന്ദർശകർക്കും താമസക്കാർക്കുമുള്ള സേവനങ്ങളുടെ ഗുണനിലവാരത്തിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്നും മക്ക ഗവർണർ അയച്ച സന്ദേശത്തിൽ പറഞ്ഞു. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താനും ജിദ്ദ മേയർ സ്വാലിഹ് ബിൻ അലി അൽതുർക്കിയും കിരീടാവകാശിയുടെ സെൻട്രൽ ജിദ്ദ പദ്ധതി പ്രഖ്യാപനത്തെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.