ജിദ്ദ: ജിദ്ദക്കും മക്കക്കുമിടയിൽ പുതുതായി നിർമിക്കുന്ന പാതയുടെ 27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ട നിർമാണം പൂർത്തിയായതായി ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ഓരോ ദിശയിലും നാലുവരി പാതകളുള്ള റോഡിന്റെ ആകെ ദൈർഘ്യം 73 കിലോമീറ്ററാണ്. ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യഘട്ട നിർമാണത്തിന്റെ 78 ശതമാനവും 19 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ട നിർമാണത്തിന്റെ 85 ശതമാനവും പൂർത്തിയായിട്ടുണ്ട്. 20 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ നാലാം ഘട്ട നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
ഹജ്ജ്, ഉംറ തീർഥാടകർക്കും ജിദ്ദയുടെ കിഴക്ക്, മക്കയുടെ വടക്ക് എന്നിവിടങ്ങളിലെ പാർപ്പിട മേഖലകളിലും പരിസരപ്രദേശങ്ങളിലും സേവനങ്ങൾ നൽകുന്നതിനായി ‘വിഷൻ 2030’ ലക്ഷ്യമിടുന്ന ജനസംഖ്യാ വർധന ഉൾക്കൊള്ളാൻ പദ്ധതി സഹായകമാകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വടക്കൻ ജിദ്ദക്കും മക്കക്കും ഇടയിലുള്ള ശരാശരി യാത്രാസമയം കുറക്കാനും ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെ മക്കയുമായി നേരിട്ട് ബന്ധിപ്പിക്കാനും പ്രതിവർഷം മൂന്നു കോടി ഉംറ തീർഥാടകർക്ക് യാത്ര ചെയ്യാനും പുതിയ റോഡ് ഉപകാരപ്പെടും.
ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുന്നതിനും ഹജ്ജ്, ഉംറ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നിലവിലുള്ള റോഡുകളിലെ, പ്രത്യേകിച്ച് ഹറമൈൻ എക്സ്പ്രസ് വേയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും റോഡ് പദ്ധതി സഹായകമാകും. പുതിയ റോഡിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 140 കിലോമീറ്ററായി നിശ്ചയിക്കുന്നതോടെ ജിദ്ദയിൽനിന്ന് മക്കയിലേക്കുള്ള യാത്രാസമയം 35 മിനിറ്റായി ചുരുങ്ങും.
മക്കയിലെ അൽ ഫയ്ഹ പ്രദേശത്തുള്ള മൂന്നാമത്തെ റിങ് റോഡിൽനിന്ന് ആരംഭിച്ച് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അരാംകോ റിഫൈനറിയോട് ചേർന്ന് എയർപോർട്ട് പാലത്തിനടുത്ത് അവസാനിക്കുന്ന രീതിയിലാണ് റോഡ് നിർമിക്കുന്നത്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുന്നതിനും ഹജ്ജ്, ഉംറ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും നിലവിലുള്ള റോഡുകളിലെ, പ്രത്യേകിച്ച് ഹറമൈൻ എക്സ്പ്രസ് വേയിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനും റോഡ് പദ്ധതി സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.