വി.കെ ജലീലിന്റെ മരണം ജിദ്ദയിലെ പഴയകാല പ്രവാസികളിൽ ഏറെ നൊമ്പരമുണ്ടാക്കി

ജിദ്ദ: രണ്ട് പതിറ്റാണ്ടോളം ജിദ്ദയിൽ പ്രവാസിയായിരുന്ന ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി വി.കെ ജലീൽ (71) നാട്ടിൽ നിര്യാതനായ വാർത്ത ജിദ്ദയിൽ നിലവിൽ പ്രവാസം നയിക്കുന്നവരും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവരുമായ നിരവധി പഴയകാല പ്രവാസികളിൽ ഏറെ നൊമ്പരമുണ്ടാക്കി. കുറച്ചുനാളായി പ്രമേഹരോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്ന വി.കെ ജലീൽ മലപ്പുറം കോട്ടപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. 

 ജിദ്ദയിൽ മത, സാമൂഹിക, ജനസേവന, കലാ സാഹിത്യരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന വി.കെ ജലീൽ മലയാളി സമൂഹത്തിൽ ആത്മീയവും ബൗദ്ധികവുമായ നേതൃത്വം നൽകിയിരുന്ന വ്യക്തിത്വം കൂടിയായിരുന്നു. മത, ജാതി, രാഷ്ട്രീയ ഭേദമന്യേ ഏവരും ഒരുപോലെ അംഗീകരിച്ചിരുന്ന നേതാക്കളിൽ ഒരാളായിരുന്നു. സാധാരണക്കാരായ പ്രവാസികൾക്ക് വ്യക്തമായ മാർഗനിർദേശം നൽകി വിവിധ വിഷയങ്ങളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ അദ്ദേഹം ഈ കാലയളവിൽ നടത്തിയിരുന്നു. തന്റെ പ്രഭാഷണങ്ങളിൽ ആകർഷരായ നിരവധി അഭ്യസ്ത വിദ്യരായ പ്രവാസികളെയും മറ്റു രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന നേതാക്കളെയും ബിസിനസ് രംഗത്തുള്ളവരെയുമെല്ലാം ചേർത്ത് പിടിച്ച് 'ഏയ്ജസ്' എന്ന കൂട്ടായ്മക്ക് അദ്ദേഹം രൂപം നൽകി. സാംസ്‌കാരിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച നിരവധി പ്രവർത്തനങ്ങൾ ഈ വേദിയിലൂടെ അദ്ദേഹം നടപ്പാക്കി. കുൽദീപ് നയാർ അടക്കമുള്ള പ്രമുഖരെ ജിദ്ദയിലെത്തിച്ച് ഈടുറ്റ സാംസ്കാരിക, സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം ചുക്കാൻ പിടിച്ചു.

ജിദ്ദയിലെ പഴയൊരു സാഹിത്യ സദസിൽ വി.കെ. ജലീൽ. മുൻ പ്രവാസികളായ ഹനീഫ കൊച്ചന്നൂർ, അബു ഇരിങ്ങാട്ടിരി, ഉസ്മാൻ ഇരുമ്പുഴി, പരേതനായ കെ.യു. ഇഖ്ബാൽ എന്നിവർ സമീപം.

സംഘടിത ഹജ്ജ് നിർവഹണത്തിന് സൗകര്യം ഇല്ലാതിരുന്ന കാലത്ത് നിരവധി മലയാളി പ്രവാസികളെ സംഘടിപ്പിച്ചു പല വർഷങ്ങളിൽ ഹജ്ജ് ഖാഫിലകൾ സംഘടിപ്പിച്ചു. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, സിജി തുടങ്ങിയ കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിലും നിരവധി പ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം നിരവധി ആലംബഹീനരെ കൈപ്പിടിച്ചുയർത്തിയിട്ടുണ്ട്. പ്രവാസി യുവത്വത്തെ കർമ്മോൽസുകാരാക്കാനായി ഐ.വൈ.എ എന്ന പേരിൽ ഒരു യൂത്ത് വിങ് രൂപീകരിച്ചു. കെ.ഐ.ജി (തനിമ) സ്ഥാപക സമിതിയംഗമായിരുന്ന വി.കെ ജലീൽ ദീർഘകാലം ജിദ്ദ കമ്മിറ്റി പ്രസിഡന്റായിരുന്നു.

'ഗൾഫ് മാധ്യമം' ദിനപത്രത്തിന്റെ വളർച്ചക്ക് സഹായകമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും കെ.ഐ.ജി പ്രവർത്തകരുടെ താമസത്തിനും മറ്റുമായി ഷറഫിയ വില്ല ഒരുക്കുന്നതിലും വി.കെ ജലീൽ കാര്യമായ പങ്കുവഹിച്ചു. 1982 മുതല്‍ 2004 വരെ ജിദ്ദ പ്രവാസിയായിരുന്ന ഇദ്ദേഹം എ.ബി.ടി ബിനെക്സ്, ബി.സി കോർപ്പറേഷൻ, ശർഖാവി തുടങ്ങിയ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. ജിദ്ദയിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിലും എല്ലാവരെയും ഒരുമിച്ചുകൂട്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിലുമെല്ലാം ഏറെ മുൻപന്തിയിലുണ്ടായിരുന്ന വി.കെ ജലീലിന്റെ മരണവിവരമറിഞ്ഞപ്പോൾ നിരവധി പേരാണ് ഇദ്ദേഹവുമായി തങ്ങൾക്കുണ്ടായിരുന്ന ആത്മബന്ധം അനുസ്മരണമായി സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്.

ആലിയ അറബിക് കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇദ്ദേഹം പഠനം പൂർത്തിയാക്കിയത്. പഠന കാലത്ത് ഐഡിയൽ സ്റ്റുഡൻസ് ലീഗ് (ഐ.എസ്.എൽ) മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, ഐ.എസ്.എൽ ജേർണൽ പ്രസാധകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പഠനം പൂർത്തിയായ ഉടനെ പ്രബോധനം പത്രാധിപസമിതിയിൽ അംഗമായി. പ്രഭാഷണ വേദികളിലും സജീവമായി. മലർവാടി ബാലമാസികയുടെ പ്രസിദ്ധീകരണത്തിൽ സാരമായ പങ്ക് വഹിച്ചു. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് പ്രബോധനം പ്രസിദ്ധീകരണം നിലച്ചപ്പോൾ ശാന്തപുരം ഇസ്‌ലാമിയ കോളേജിൽ അധ്യാപകനായി. പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ പ്രബോധനത്തിൽ വീണ്ടും തിരിച്ചെത്തി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഐ.പി.എച്ച് ഡയറക്ടർ ബോർഡ് അംഗം, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറിയേറ്റ് അംഗം, പടിഞ്ഞാറ്റുംമുറി പ്രാദേശിക അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പടിഞ്ഞാറ്റുംമുറി ഐഡിയൽ ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ സ്ഥാനവും വഹിച്ചു. മുഹാജിര്‍, ഹസ്രത്ത് ഉമ്മു ഐമന്‍, ഹദ്റത് ഖദീജ: തിരുനബിയുടെ പ്രഭാവലയത്തിൽ, ഇസ്സുദ്ദീൻ മൗലവിയുടെ നാടും വീടും എന്റെ ഓർമ്മകളും, മദീനയിലെ ഏടുകൾ, സ്മരണകള്‍ സംഭവങ്ങള്‍, ഇസ്‌ലാം വാളിന്റെ തണലിലോ എന്നീ ഗ്രന്ഥങ്ങളും വി.കെ ജലീൽ രചിച്ചു.


Tags:    
News Summary - The death of VK Jaleel has caused great anguish among former pravasis in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.