ജിദ്ദ: അകാലത്തിൽ പൊലിഞ്ഞു പോയ തങ്ങളുടെ ആത്മമിത്രങ്ങളും ഫുട്ബാൾ താരങ്ങളുമായ കാദറിന്റെയും മുഹമ്മദാലിയുടെയും പാവന സ്മരണക്കായി 1961 മുതൽ മലപ്പുറം പെരിന്തൽമണ്ണയിൽ ഒരുപറ്റം യുവാക്കൾ രൂപം കൊടുത്ത കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഇന്നും നടന്നുവരുന്നു. 51ാം വാർഷികം ആഘോഷിക്കുന്ന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് കടൽ കടന്ന് ജിദ്ദയിലേക്കുമെത്തുകയാണ്. കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെൻറ് കമ്മിറ്റിയും ജിദ്ദയിലെ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറവും (പെൻറിഫ്) സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിക്കുന്ന ദ്വിദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് അടുത്തമാസം 15,16 തീയതികളിൽ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാദറലി ജിദ്ദ ചാപ്റ്റർ എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ ജിദ്ദയിൽ വസിക്കുന്നവരുടെ ടീമുകളും നാട്ടിലുള്ള നാല് പ്രാദേശിക ടീമുകളും ജിദ്ദക്ക് പുറമെ അൽബഹ, യാംബു എന്നിവിടങ്ങളിൽനിന്നും മൊത്തം 12 ടീമുകളാണ് മാറ്റുരക്കുക. പ്രാദേശിക ടീമുകൾ കളിക്കാരെ നാട്ടിൽനിന്നും കൊണ്ടുവരുന്നത് കൊണ്ട് കളികൾക്ക് നിലവാരവും, വീറും വാശിയും ജനപങ്കാളിത്തവുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 15ന് രാത്രി 11ന് ആരംഭിക്കുന്ന ടൂർണമെൻറിൽ നാല് മത്സരങ്ങളും പിറ്റേന്ന് വൈകീട്ട് 6.30 മുതൽ ഫൈനൽ അടക്കം മറ്റു മത്സരങ്ങളും നടക്കും. ട്രോഫികളോടൊപ്പം ടൂർണമെൻറ് വിജയികൾക്ക് 5,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാലും കാഷ് പ്രൈസ് ലഭിക്കും.
ജിദ്ദയിലെ ഒരു ഫുട്ബാൾ ടൂർണമെൻറിന്റെ സംഘാടനത്തിൽ ഇതാദ്യമായി സ്ത്രീകൾ പങ്കാളികളാവുന്നു എന്ന പ്രത്യേകത കാദറലി ജിദ്ദ ചാപ്റ്റർ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. സൗദിയിൽ സകല മേഖലയിലും വനിതകളുടെ സാന്നിധ്യം അധികരിച്ചുവരുന്ന സാഹചര്യത്തിൽ ഫുട്ബാൾ ടൂർണമെൻറ് ഉൾപ്പടെ സംഘാടനത്തിൽ വനിതകൾക്ക് പ്രധാന പങ്കാളിത്തം ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് സംഘാടകസമിതിയിൽ വനിതകളെ ഉൾപ്പെടുത്തിയതെന്ന് സംഘാടകർ അറിയിച്ചു. ഫുട്ബാളിനെ സ്നേഹിക്കുന്നവരും കളികാണാനും കളിക്കാനുമെല്ലാം ഇഷ്ടപ്പെടുന്ന നിരവധി മലയാളി വനിതകൾ ജിദ്ദയിലുണ്ട്. അവർക്ക് പ്രോത്സാഹനവും അവരെ ഫുട്ബാൾ മത്സര ഗ്രൗണ്ടിലേക്ക് എത്തിക്കുകയെന്നതും തങ്ങളുടെ ഉദ്ദേശ്യമാണെന്ന് വാർത്തസമ്മേളനത്തിൽ വനിത പ്രതിനിധികൾ അറിയിച്ചു. ഡോ. ഇന്ദു, എൻജി. ജുനൈദ, ഷമീം ടീച്ചർ, നാസർ ശാന്തപുരം, ലത്തീഫ് എൻകൺഫേർട്ട്, റീഗൾ മുജീബ്, മജീദ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.