മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുകീഴിൽ കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം ഞായറാഴ്ച മക്കയിലെത്തും. കണ്ണൂർ എംബാർക്കേഷൻ പോയന്റിൽനിന്ന് പുലർച്ച ഇന്ത്യൻ സമയം 1.45ന് പുറപ്പെടുന്ന ആദ്യ ഹജ്ജ് വിമാനം രാവിലെ സൗദി സമയം 5.45ന് ജിദ്ദ ഹജ്ജ് ടെർമിനലിലെത്തും. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 3027 വിമാനത്തിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമായി 145 തീർഥാടകരാണ് ആദ്യസംഘത്തിലുള്ളത്. ജിദ്ദയിലെ ഹജ്ജ് ടെർമിനലിലെ യാത്രാ നടപടികളെല്ലാം പൂർത്തിയാക്കി ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കുന്ന ബസുകളിൽ ഇവരെ മക്കയിലെത്തിക്കും. ഹാജിമാർക്ക് വേണ്ട പ്രഭാത ഭക്ഷണം ഹജ്ജ് സർവിസ് കമ്പനികൾ വിതരണം ചെയ്യും. മക്കയിലെത്തി അൽപം വിശ്രമിച്ചതിനുശേഷം ഹാജിമാർ ഉംറ നിർവഹിക്കാനായി നാട്ടിൽനിന്നെത്തിയ വളന്റിയർമാരുടെ (ഖാദിമുൽ ഹുജ്ജാജ്) നേതൃത്വത്തിൽ പുറപ്പെടും.
ആദ്യ വിമാനത്തിലെത്തുന്ന തീർഥാടകരെ മക്ക അസീസിയയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ ഹാജിമാരുടെ താമസകേന്ദ്രത്തിലെ ബിൽഡിങ് നമ്പർ 260ലാണ് താമസിപ്പിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. കരിപ്പൂരിൽനിന്ന് പുലർച്ച 4.25ന് പുറപ്പെട്ട് രാവിലെ 8.25ന് 145 ഹാജിമാരുമായി മറ്റൊരു വിമാനം കൂടി ഹാജിമാരുമായി ഞായറാഴ്ച ജിദ്ദയിലെത്തുന്നുണ്ട്.
മക്കയിലെ മലയാളി സന്നദ്ധ പ്രവർത്തകർ, ആദ്യമെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ വലിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മക്കയിലെത്തുന്ന ഓരോ തീർഥാടകർക്കും കൈനിറയെ സമ്മാനങ്ങളുമായവർ സ്വീകരിക്കും. മക്കയിൽ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളും കുട്ടികളുമടങ്ങുന്ന സന്നദ്ധ പ്രവർത്തകർ നേരത്തേ തന്നെ ഹാജിമാരെത്തുന്ന താമസകേന്ദ്രത്തിൽ നിലയുറപ്പിക്കും.
ഈ വർഷം ലക്ഷദ്വീപിൽനിന്നുൾപ്പെടെ 11,010 തീർഥാടകർക്കാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ അവസരം ലഭിച്ചത്. ഇവരുടെ യാത്രകൾ കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്നാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂൺ 22വരെയാണ് കേരളത്തിൽനിന്നുള്ള ഹാജിമാരുടെ വരവ്. ഹജ്ജിനു ശേഷം മദീന സന്ദർശനം പൂർത്തിയാക്കി ജൂലൈ 13 മുതലാണ് ഇവരുടെ മടക്കയാത്ര ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.