ജിദ്ദ: സൗദിയിൽ വാറ്റിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് ബില്ലിങ് ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു. സ്ഥാപനങ്ങളിൽ കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ബില്ലുകൾ ഉപയോഗിക്കുന്നത് പൂർണമായും ഇതോടെ ഇല്ലാതാകും. രഹസ്യ സാമ്പത്തിക ഇടപാടുകൾ തടയുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ അനുഭവം സമ്പുഷ്ടമാക്കുകയും വാങ്ങലും വിൽപനയും വ്യവസ്ഥാപിതമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബില്ല ഇഷ്യൂ ചെയ്യുന്നതിെൻറയും ഇലക്ട്രോണിക് രീതിയിൽ സംരക്ഷിക്കുന്നതിെൻറയും ഘട്ടമാണിപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. രണ്ടാം ഘട്ടം 2023 ജനുവരി ഒന്ന് മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും. അതോറിറ്റിയുടെ സംവിധാനങ്ങൾ തമ്മിൽ പൂർണയായും ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം.
ടെക്സ്റ്റ് എഡിറ്ററുകൾ, കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ടൈപ്പ് ചെയ്ത ബില്ലുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തലാക്കുന്നതാണ് ഇലക്ട്രോണിക് ബില്ലിങ് എന്ന് സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഇ-ബില്ലിങിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക ആദ്യഘട്ടത്തിലുൾപ്പെടും. ഇ-ബില്ലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വാറ്റ് നമ്പർ, ബില്ലിലെ അഡ്രസ്സ് എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കുമെന്നും അതോറിറ്റി പറഞ്ഞു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ബില്ലിങിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേണ്ട ആവശ്യകതകളെക്കുറിച്ചും നേരത്തെ ബോധവത്കരണം നടത്തിയിട്ടുണ്ട്. അതിനാൽ വലിയൊരു വിഭാഗം സ്ഥാപനങ്ങൾ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള സമയപരിധിക്ക് മുമ്പ് തന്നെ അത് നടപ്പിലാക്കാൻ സന്നദ്ധരായിട്ടുണ്ട്. ഇ- ബില്ലിങുമായി ബന്ധപ്പെട്ട വിശദമായ വിശദീകരണം ഉൾക്കൊള്ളുന്ന ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇ-ബില്ലിങ് നിയന്ത്രണത്തിന് വിധേയമായ വിഭാഗങ്ങൾ, ബില്ലുകളുടെ തരങ്ങൾ, ഇടപാടുകളുടെ തരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിശദാംശങ്ങളും അതിലുൾപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. ഇലക്‌ട്രോണിക് രീതിയിൽ ബില്ലുകൾ നൽകാതിരിക്കുകയും സൂക്ഷിക്കാതിരിക്കുകയും ചെയ്യൽ നിയമലംഘനമാണ്. ഇതിന് 5000 റിയാൽ പിഴയുണ്ടാകും. ബില്ലിൽ ക്യു.ആർ കോഡ് ഉൾപ്പെടുത്താതിരിക്കുക, ഇ- ബിൽ ഇഷ്യൂ ചെയ്യുന്നതിന് തടസ്സമാകുന്ന ഏതെങ്കിലും തകരാർ അതോറിറ്റിയെ അറിയിക്കാതിരിക്കുക എന്നിവയും നിയമലംഘനമായി കണക്കാക്കും. ഇ-ബില്ലുകൾ ഇല്ലാതാക്കുകയോ, ഭേദഗതി വരുത്തുകയോ ചെയ്യുന്നതിനു പിഴ 10,000 റിയാൽ മുതലാണെന്നും ഇത് സംബന്ധിച്ച വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.