ജിദ്ദ: കൃത്രിമ ശ്വാസം നൽകുന്നതിനായി സൗദിയിൽ നിർമിച്ച ആദ്യത്തെ വെൻറിലേറ്റർ പ്രവർത്തനം വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅയും ചേർന്ന് ഉദ്ഘാടനം ചെയ്തു. കിങ് സൽമാൻ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറർ ഡോ. അബ്ദുല്ല അൽറബീഅ, നാഷനൽ ഗാർഡ് ആരോഗ്യകാര്യ എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല കനാവി, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം അൽജാദാഇ എന്നിവർ സന്നിഹിതരായി.
രാജ്യത്തിെൻറ തുടർച്ചയായ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊന്നുകൂടി രേഖപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നുവെന്ന് വ്യവസായമന്ത്രി പറഞ്ഞു. വ്യവസായം പുതിയ തലങ്ങളിലേക്ക് മുന്നേറുന്നതിെൻറ തെളിവാണ് ഇത്. വ്യവസായ പദ്ധതികൾ ത്വരിതഗതിയിൽ പ്രവർത്തിപ്പിക്കുന്നതിന് കോവിഡ് കാരണമായി.കോവിഡിനെതിരെ രാജ്യം സ്വീകരിച്ച നടപടികൾ അന്താരാഷ്ട്ര പ്രശംസ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കൽ വ്യവസായം സങ്കീർണവും നൂതനവുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലയുടെ ഇൗ നേട്ടത്തിൽ അഭിമാനവും സന്തോഷവുമുണ്ട്. കോവിഡിനെ നേരിടാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒമ്പതു സ്ഥാപനങ്ങളാണ് വെൻറിലേറ്റർ മോഡൽ സമർപ്പിച്ചത്. അതിൽനിന്ന് അൽറവാദ് കമ്പനിക്കാണ് മാർക്കറ്റിങ് അനുമതി നേടാനായത്. മറ്റു ഫാക്ടറികളും ഉൽപാദനത്തിനായി ശ്രമിച്ചുവരുകയാണ്.
അൽറവാദ് കമ്പനി പ്രതിവർഷം ഏകദേശം 6000 എണ്ണം നിർമിക്കും. ഇത് പ്രാദേശിക ആവശ്യങ്ങളുടെ 48 ശതമാനം ആണ്. ഏകദേശം 50 ജോലിക്കാർ പദ്ധതിക്കു കീഴിലുണ്ട്. പി.ബി. 560 മോഡലാണ് നിർമിച്ചത്. ആളുകൾക്ക് കൊണ്ടുനടക്കാൻകൂടി കഴിയുന്നതാണിത്. വീടുകൾ, ഹെൽത്ത് സെൻററുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.