വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു

സൗദിയിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രി

റിയാദ്: ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സൗദി അറേബ്യയിൽ ആരംഭിക്കണമെന്ന പ്രവാസികളുടെ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. 25 ലക്ഷത്തിലേറെ ഇന്ത്യാക്കാരുള്ള സൗദിയിൽ എന്തുകൊണ്ട് ഇതുവരെ ഒരു സാംസ്കാരിക കേന്ദ്രം ഇല്ലെന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി. രണ്ടുദിവസത്തെ സന്ദർശനത്തിനായി റിയാദിലെത്തിയ അദ്ദേഹം ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് 4.30 ന് എംബസി ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ സദസിൽനിന്ന് ഈ ആവശ്യം ഉയരുകയായിരുന്നു. ഇന്ത്യൻ പ്രവാസികൾക്കായി ഇത്തരത്തിൽ ഒരു സാംസ്കാരിക കേന്ദ്രമോ വേദിയോ സൗദിയിലുണ്ടോ എന്ന് മന്ത്രി സദസിനോട് ആരാഞ്ഞു. എംബസി ഓഡിറ്റോറിയം അല്ലാതെ മറ്റൊരു പൊതുവേദി ഇല്ലെന്ന് അവർ വ്യക്തമാക്കി.

തുടർന്നാണ് ഈ ആവശ്യം പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്.ഞായറാഴ്ച റിയാദിൽ സൗദിയധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചകളിലും യോഗങ്ങളിലും ഒന്ന് ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്കാരിക സഹകരണം സംബന്ധിച്ച വർക്കിങ് ​ഗ്രൂപ്പിന്റേതാണെന്നും അതിൽ ഈ വിഷയം സൂചിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) മേൽനോട്ടത്തിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രങ്ങൾ 38 രാജ്യങ്ങളിൽ നിലവിലുണ്ടെന്ന് വിഷയം മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച പ്രവാസി സാമൂഹിക പ്രതിനിധി ദീപക് കിളിരൂർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

51 രാജ്യങ്ങളിൽ ഇന്ത്യൻ ചെയറുകളും (സെന്റർ ഫോർ എക്സലൻസ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനായുള്ള ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

ഇന്ത്യൻ പാരമ്പര്യ കലകൾ, സംഗീതം, നൃത്തങ്ങൾ, വാദ്യകലകൾ, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകർ, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികൾ, ഇന്ത്യയിൽനിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികൾ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നത്.

ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാൽ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും, കലാ-സാംസ്കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക വിനിമയം എളുപ്പമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.