ജീസാൻ: സമാധാന കാംക്ഷികളായ ജനങ്ങൾ വസിക്കുന്ന ലക്ഷദ്വീപിൽ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കാനും കോർപറേറ്റ്വത്കരണവുമാണ് പുതിയ നിയമ പരിഷ്കാരങ്ങളിലൂടെയും പദ്ധതികളിലൂടെയും കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നതെന്ന് സി.പി.എം നേതാവ് ടി.കെ. ഹംസ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജീസാനിലെ കലാ സാംസ്കാരിക കൂട്ടായ്മയായ 'ജല'ഓൺലൈനിൽ സംഘടിപ്പിച്ച പ്രവാസികളുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദ്വീപിലെ ജനങ്ങളുടെ ജീവനോപാധികളും ഭക്ഷണ സാംസ്കാരിക അവകാശങ്ങളും കവർന്നെടുത്ത് ഹിന്ദുത്വ, നവ, ഉദാരവത്കരണ നയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ കശ്മീരിെൻറ അനുഭവമാണ് ഓർമപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരളസഭ അംഗവും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. മുബാറക് സാനി അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ സമുദായത്തിനുമേൽ ഹിന്ദുത്വ ആശയങ്ങൾ അടിച്ചേൽപിച്ച് കോർപറേറ്റ് വത്കരണത്തിലൂടെ പരിസ്ഥിതിയെ നശിപ്പിച്ച് ഗുജറാത്തിൽ നടപ്പാക്കിയ വികസന മാതൃകയാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരളവുമായി പരമ്പരാഗതമായി നിലനിൽക്കുന്ന സാംസ്കാരിക സാമ്പത്തിക വ്യാപാര ബന്ധങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ലക്ഷദ്വീപിൽ അശാന്തി പടർത്തുന്നതിലൂടെ കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നത്. ജല രക്ഷാധികാരി താഹ കൊല്ലേത്ത്, വി.കെ. റഊഫ്, സി.കെ. മൗലവി, എ.എം. അബ്ദുല്ലകുട്ടി, ഷിബു തിരുവനന്തപുരം, ഷാനവാസ്, ഹാരിസ് കല്ലായി, മുഹമ്മദ് സാലിഹ് കാസർകോട്, മുഹമ്മദലി എടക്കര, എം.കെ. ഓമനക്കുട്ടൻ, വെന്നിയൂർ ദേവൻ, റസൽ കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.