ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർഥാടകരുടെ വരവ് പുനരാരംഭിച്ചു. ചില രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനമാണ് പുനരാരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വിദേശ ഉംറ തീർഥാടകരുടെയും താൽക്കാലിക വിലക്ക് നീക്കിയത്. ശനിയാഴ്ച വൈകീട്ടാണ് ഇന്തോനേഷ്യയിൽ നിന്നുള്ള ആദ്യസംഘമെത്തിയത്. പുതിയ വൈറസിനെ തടയുന്നതിനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജിദ്ദ വിമാനത്താവളത്തിൽ അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു.
ആരോഗ്യ പരിശോധന നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് തീർഥാടകരെ ബസുകളിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് താമസസ്ഥലത്തെത്തിച്ച തീർഥാടകർ നിശ്ചിത ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഉംറ നിർവഹിക്കുക. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് തീർഥാടകർക്ക് സുരക്ഷിതമായി ഉംറ കർമങ്ങൾ നിർവഹിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകാൻ ഹജ്ജ് ഉംറ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തുന്നുണ്ട്. സേവനങ്ങൾക്ക് ഉംറ കമ്പനികളും രംഗത്തുണ്ട്. രാജ്യത്ത് പ്രവേശിച്ചു തിരിച്ചുപോകുന്നതു വരെ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്ന് തീർഥാടകരോട് ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.