ജിദ്ദ: രണ്ടര പതിറ്റാണ്ടോളമായി ജിദ്ദയുടെ സാംസ്കാരിക മണ്ഡലത്തിൽ കേരളത്തിൽ നിന്നുള്ള എൻജിനീയർമാരുടെ കൂട്ടായ്മയായി പ്രവർത്തിച്ചു വരുന്ന കേരള എൻജിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) സംഘടിപ്പിച്ച സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ശ്രദ്ധേയമായി. ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിലെ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഡോ. ശശി തരൂർ മുഖ്യാതിഥിയായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിശിഷ്ടാതിഥിയായും പങ്കെടുത്തു.
നൂതന സാങ്കേതിക വിഷയങ്ങളിലേക്ക് എൻജിനീയർമാരുടെ ശ്രദ്ധതിരിച്ചു കൊണ്ട് ശശി തരൂർ നടത്തിയ മുഖ്യപ്രഭാഷണത്തിൽ നിലവിലെ വിദ്യാഭ്യാസ രീതികളിലെ ന്യൂനതകളും പഠനത്തോടൊപ്പം തികഞ്ഞ ഒരു പ്രഫഷണൽ ആവാൻ വേണ്ടി ആർജിക്കേണ്ടുന്ന സോഫ്ട് സ്‌ക്കിൽസിനെക്കുറിച്ചും തികഞ്ഞ ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ ചാരുതയോടെ അദ്ദേഹം സംസാരിച്ചു. പ്രവാസികൾ, വിശിഷ്യാ പ്രഫഷണലുകൾ സാമ്പത്തിക അടിത്തറയോടൊപ്പം തന്നെ വികസിത രാജ്യങ്ങളിൽ നിന്നു തങ്ങൾ ആർജിച്ചെടുത്ത സാങ്കേതിക പരിജ്ഞാനങ്ങൾ കൂടി പകർന്നു നൽകി സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉത്ബോധിപ്പിച്ചു.
സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ആയിഷ നാസിയ മുഖാമുഖ സെഷൻ നിയന്ത്രിച്ചു. കെ.ഇ.എഫ് പ്രസിഡൻറ് സാബിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശശി തരൂരിനെ വേദിയിൽ ഹാരം അണിയിച്ച റോബോട്ട് മനുഷ്യൻ കാണികൾക്ക് കൗതുകമായി. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ആശംസ നേർന്ന് സംസാരിച്ചു. ശശി തരൂരിന്റെ വാക്കുകൾക്കു പിന്തുണ നൽകിയ അദ്ദേഹം ജിദ്ദയിൽ കെ.ഇ.എഫ് പോലുള്ള പ്രൊഫഷനൽ സംഘടനകളുടെ പ്രവർത്തനത്തിൽ അഭിമാനവും രേഖപ്പെടുത്തി.
രണ്ടു വർഷമായി നടന്നു വരുന്ന എൻജിനീയേഴ്‌സ് സൂപ്പർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കെ.ബി.സി മാതൃകയിൽ പരിപാടിയിൽ അവതരിപ്പിച്ചു. കെ.ഇ.എഫ് സ്ഥാപകരിലൊരാളായ ഇക്ബാൽ പൊക്കുന്നു ഹോസ്റ്റ് സീറ്റിലും നാല് ടീമുകളുടെ പ്രതിനിധികൾ ഹോട്ട് സീറ്റിലും നിലയുറപ്പിച്ച ശക്തമായ പോരാട്ടത്തിനാണ് പരിപാടി സാക്ഷ്യം വഹിച്ചത്. സൂപ്പർ ലീഗ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ റോഷൻ മുസ്തഫ നയിച്ച റെഡ് ടീമിന് ശശിതരൂർ ട്രോഫി കൈമാറി. റിഷാദ് അലവി നയിച്ച യെല്ലോ ടീം റണ്ണർഅപ്പ് ആയി. റോഷൻ മുസ്തഫ, ഇപ്സിത സാബിർ, സാഹിൽ സാജിദ് എന്നിവരെ വിവിധ വിഭാഗങ്ങിലെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
സിൽവർ ജൂബിലിയോട് അനുബന്ധിച്ച് കെ.ഇ.എഫിന്റെ നാൾ വഴികളും അംഗങ്ങളുടെ സർഗ്ഗവാസനകളും ന്യൂതന സാങ്കേതിക വിജ്ഞാനപംക്തികളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഘടനയുടെ സുവനീർ ചടങ്ങിൽ മുഹമ്മദ് ഷാഹിദ് ആലത്തിനു നൽകികൊണ്ട് ശശി തരൂർ എം.പി. പ്രകാശനം ചെയ്തു. സെഫ് വാൻ നിയന്ത്രിച്ച സെഷനിൽ ആദിൽ, റഫീഖ് എന്നിവർ എഡിറ്റോറിയൽ ബോർഡിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കെ.ഇ.എഫ് അംഗങ്ങളായ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. എൻജിനിയറിംങ് സാങ്കേതികരംഗത്തെ അവാർഡ് ഡോ. ഷാഹിറ ഹുസ്‌നുവിനും ലൈഫ് ടൈം അച്ചീവ്മന്റ് അവാർഡ് ഡോ. ശ്രീരാമകുമാറിനും കമ്മ്യൂനിറ്റി ഇമ്പാക്ട് അവാർഡ് ഷിംന ഷാക്കിറിനും വ്യവസായസംരംഭത്തെ മികവിനുള്ള അവാർഡ് ഷാഹിദ് മലയലിനും വിദ്യാഭ്യാസരംഗത്തെ മികവിനുള്ള അവാർഡ് അസീം അൻസാറും കരസ്ഥമാക്കി.
സംഘടനയുടെ പുതിയ ഭാരവാഹികളെ ചടങ്ങിൽ സദസിന് പരിചയപ്പെടുത്തി. സഫ് വാൻ പെരിഞ്ചീരിമാട്ടിൽ പ്രസിഡന്റായും പി.കെ ആദിൽ സെക്രട്ടറിയായും അബ്ദുൽ മജീദ് ട്രഷററായും പതിനഞ്ചംഗ ഭരണസമിതി നിലവിൽ വന്നു. ചടങ്ങിൽ പരിപാടിയുടെ സ്പോൺസേർസിനെ ആദരിച്ചു. ഗ്രൂവ് ടൗൺ ഓർക്കസ്ട്രയുടെ സംഗീത നിശ അരങ്ങേറി. പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ പരിപാടികൾ നിയന്ത്രിച്ചു. ജുനൈദ, ഹാരിസ്, അജ്മൽ, ഫാത്തിമ, ജബ്‌ന എന്നിവർ അവതാരകരായിരുന്നു. ചടങ്ങിനൊടുവിൽ ശശി തരൂരിനെ പരമ്പരാഗത അറബി വസ്ത്രം അണിയിച്ചു ആദരിച്ചു. കെ.ഇ.എഫ് ജനറൽ സെക്രട്ടറി സിയാദ് കൊറ്റായി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.