റിയാദ്: റമദാനിലെ അവസാന 10 ദിനങ്ങളിൽ മക്കയിലെത്തുന്ന തീർഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷയും സൗകര്യവും മുൻനിർത്തി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. തീർഥാടകരുടെ കർമങ്ങൾ സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് റമദാെൻറ തുടക്കത്തിൽ പ്രഖ്യാപിച്ച നിർദേശങ്ങളിൽ ചിലതുകൂടി ഉൾപ്പെട്ടതാണ് മാർഗരേഖ.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളത്തിൽനിന്ന് പൊതുഗതാഗത വാഹനങ്ങളിൽ മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലേക്ക് തീർഥാടകർക്ക് നേരിട്ടെത്താനുള്ള വഴികൾ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹറമൈൻ റെയിൽവേയെ ആശ്രയിക്കുന്നവർക്ക് അൽ-റസീഫ സ്റ്റേഷനിൽനിന്ന് ടാക്സികൾ വഴി മസ്ജിദുൽ ഹറാമിലേക്കോ താമസ സ്ഥലങ്ങളിലേക്കോ എത്തിച്ചേരാം. മക്ക സെൻട്രൽ ഏരിയയിൽനിന്നും ഗ്രാൻഡ് മസ്ജിദിനോട് ചേർന്ന താമസസ്ഥലങ്ങളിൽ നിന്നും കാൽനടയായി എത്തുകയോ അല്ലെങ്കിൽ പതിവ് പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം.
ഉംറ തീർഥാടകരല്ലാത്തവർ ഓടിക്കുന്ന സ്വകാര്യ വാഹനങ്ങൾ മുഖേനയും തീർഥാടകർക്ക് ഗ്രാൻഡ് മസ്ജിദിലെത്താനും താമസ സ്ഥലങ്ങളിലേക്ക് മടങ്ങാനും സാധിക്കും. തീർഥാടകർ മക്കയുടെ പ്രവേശന കവാടങ്ങളിൽ സ്ഥിതിചെയ്യുന്ന കാർ പാർക്കിങ്ങുകളിൽ വാഹനം നിർത്തിയശേഷം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ പൊതുഗതാഗതം ഉപയോഗിക്കണം.
തീർഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള റോഡുകളിൽ മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും 24 മണിക്കൂറും നിരോധിച്ചിട്ടുണ്ട്. കാൽനടയെ ബാധിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നീക്കംചെയ്യുകയും അവയുടെ ഉടമകളെ ട്രാഫിക് നിയമലംഘനത്തിന് വിധേയമാക്കുകയും ചെയ്യും. മസ്ജിദിനുള്ളിലും പുറത്തുമുള്ള സഞ്ചാരത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം. മക്കയിലെ ഗ്രാൻഡ് മസ്ജിദിെൻറ പ്രധാന വാതിലുകളിൽ തിളങ്ങുന്ന പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. പള്ളിക്കുള്ളിലെ പ്രാർഥന സ്ഥലങ്ങളുടെ തൽസ്ഥിതി പാനലിൽനിന്ന് മനസ്സിലാക്കാൻ കഴിയും. പച്ച അടയാളമാണെങ്കിൽ മാത്രം പ്രവേശിക്കുകയും ചുവപ്പാണെങ്കിൽ മറ്റ് വാതിലുകൾ തേടുകയും വേണം.കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, പീസ് ഗേറ്റ് എന്നിവിടങ്ങളിലേക്കുള്ള ഇടനാഴികളിലൂടെ തീർഥാടകർക്ക് പ്രദക്ഷിണ സ്ഥലത്ത് (മത്താഫ്) എത്താമെന്ന് മാർഗരേഖ വിശദീകരിക്കുന്നു.
വികലാംഗരായ തീർഥാടകർക്ക് വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവിധം പ്രത്യേക പാതകൾ സജ്ജമാക്കിയിട്ടുണ്ട്. ഗ്രാൻഡ് മസ്ജിദിലേക്കും അതിെൻറ മുറ്റത്തേക്കും സ്വകാര്യവസ്തുക്കൾ കൊണ്ടുപോകാനോ പള്ളിയുടെ അകത്തും പുറത്തുമുള്ള ജനാലകളിൽ തൂക്കിയിടാനോ മുറ്റത്ത് സൂക്ഷിക്കാനോ അനുവാദമില്ല.
മസ്ജിദിനുള്ളിലും പരിസരത്തും സംഭാവന പിരിക്കുന്നതും പുകവലിക്കുന്നതും യാചിക്കുന്നതും കച്ചവടം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടുകൾ ഒഴിവാക്കുന്നതിനായി അറ്റകുറ്റപ്പണികൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കും അനുവദിച്ചിട്ടുള്ള ഇലക്ട്രിക്കൽ സോക്കറ്റുകൾ (പ്ലഗ്ഗുകൾ) ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
1. ഹറമൈൻ റെയിൽവേയെ ആശ്രയിക്കുന്നവർക്ക് അൽ-റസീഫ സ്റ്റേഷനിൽനിന്ന് ടാക്സികൾ വഴി മസ്ജിദുൽ ഹറാമിലേക്കോ താമസ സ്ഥലങ്ങളിലേക്കോ എത്തിച്ചേരാം.
2. മസ്ജിദുൽ ഹറാമിന് ചുറ്റുമുള്ള റോഡുകളിൽ മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വാഹനങ്ങളും 24 മണിക്കൂറും നിരോധിച്ചിട്ടുണ്ട്
3. മസ്ജിദിനുള്ളിലും പുറത്തുമുള്ള സഞ്ചാരത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം
4. വികലാംഗരായ തീർഥാടകർക്ക് വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവിധം പ്രത്യേക പാതകൾ സജ്ജമാക്കിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.