റിയാദ്: നിയോമിലെ ഭാവി നഗര സങ്കൽപത്തിന്റെ മൂർത്തരൂപമാകാനൊരുങ്ങുന്ന ‘ദി ലൈൻ’ ആദ്യ ഘട്ടം പൂർത്തിയാക്കാൻ മൂന്ന് ബഹുരാഷ്ട്ര കമ്പനികൾ. മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ് ജോലികൾ എന്നിവ ചെയ്യുന്നതിന് പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ നിയമിച്ചതായി നിയോം അധികൃതർ അറിയിച്ചു.
ഡെലോഗൻ മൈസൽ ആർക്കിടെക്ചറൽ സർവിസസ്, ജെൻസ്ലർ, മോട്ട് മക്ഡൊണാൾഡ് എന്നിവർ ‘ദി ലൈനി’ലെ ഡിസൈൻ, ഡെവലപ്മെൻറ്, പ്രോജക്ട് ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കും.
ആദ്യ ഘട്ടത്തിന്റെ ആസൂത്രണം, നഗര രൂപകൽപന നടപ്പാക്കൽ, അടിസ്ഥാന സൗകര്യ രൂപകൽപന എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടേഷനുകൾ പദ്ധതിയിലുൾപ്പെടും. ദി ലൈൻ നഗരത്തിന്റെ ആദ്യഘട്ട ഡിസൈൻ പങ്കാളികളുടെ വിപുലമായ ആഗോള അനുഭവം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും നിയോം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും സങ്കീർണവും അതിമനോഹരവുമായ എൻജിനീയറിങ് പദ്ധതികളിലൊന്നാണ് ദി ലൈൻ സിറ്റിയടേത്. ആർക്കിടെക്റ്റുകളും ഡിസൈനർമാരും അടങ്ങുന്ന ഒരു നൂതന ഡിസൈൻ സിസ്റ്റം രൂപവത്കരിക്കും.
ദി ലൈൻ നഗരത്തിന്റെ നഗരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. നഗരത്തിന്റെ ആസൂത്രണവും ഡിസ്ട്രിക്ട് രൂപകൽപന പ്രക്രിയകളും 2025ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്നും നിയോം പറഞ്ഞു.
‘ദി ലൈൻ’ നഗരത്തിന്റെ നിർമാണ-വികസന പ്രവർത്തനങ്ങൾ തുടരുമ്പോൾ നിയോമിന്റെ കാഴ്ചപ്പാടിനും ആഗോള അഭിലാഷങ്ങൾക്കും അനുസൃതമായി നഗരത്തിന്റെ ഡിസൈൻ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിനാണ് നഗര എൻജിനീയറിങ് വൈദഗ്ധ്യവുമുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഞങ്ങൾ പങ്കാളിത്തത്തിലേർപ്പെടുന്നതെന്ന് ദി ലൈനിന്റെ ചീഫ് ഡെവലപ്മെൻറ് ഓഫിസർ ഡെന്നിസ് ഹിക്കി പറഞ്ഞു.
ഈ സഹകരണത്തിലൂടെ നഗര രൂപകൽപനയുടെയും നിർമാണത്തിന്റെയും നിലവിലെ ആശയങ്ങളെ അഭൂതപൂർവമായ രീതിയിൽ നവീകരണത്തിന് എങ്ങനെ മാറ്റാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ദി ലൈൻ’ നിലവിൽ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക പ്രവർത്തനങ്ങളും ഉൾപ്പെടുന്ന പ്രാരംഭ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഴ്ചതോറും 120ലധികം ഫൗണ്ടേഷൻ ബേസുകൾ ഒരുക്കുകയാണ്.
ലോകം അഭിമുഖീകരിക്കുന്ന നഗരജീവിതത്തിെൻറ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനാണ് ‘ദി ലൈൻ’ നഗരം രൂപകൽപന ചെയ്തിരിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങുന്ന സുസ്ഥിരമായ നഗര അന്തരീക്ഷത്തിന്റെ രീതിയിലാണ് രൂപകൽപന. നഗരങ്ങളുടെ ചൈതന്യം, ഹരിതയിടങ്ങളുടെ ശാന്തത, പ്രകൃതിയിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം എന്നിവ സംയോജിപ്പിക്കാൻ പൂർണമായും കാറുകളെ ഒഴിവാക്കിയാണ് നഗരം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.