മദീന: വെള്ളപ്പൊക്കത്തിൽപെട്ട ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ രക്ഷിച്ച സ്വദേശി പൗരന് ആദരം. മദീന പ്രവിശ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ചതിന് ഫഹദ് അൽഹർബി എന്ന സ്വദേശി പൗരനെ മദീന മേഖല ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ആദരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 24ന് പെയ്ത കനത്ത മഴയെ തുടർന്നാണ് മദീനയുടെ തെക്കുപടിഞ്ഞാറുള്ള ഗാമിസ് അൽ ഹമാമിൽ വെള്ളപ്പൊക്കമുണ്ടായത്.
കനത്ത വെള്ളമൊഴുക്കിൽപെട്ട വാഹനത്തിൽ കുടുങ്ങിയ നാലുപേരെയാണ് തന്റെ മണ്ണുമാന്തി യന്ത്രവുമായെത്തി രക്ഷിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിക്കിടന്ന വാഹനത്തിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വദേശി പൗരനും മൂന്ന് മക്കളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഒഴുക്കിൽ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാൻ നടത്തിയ ഈ ധീരമായ ഇടപെടലാണ് അൽഹർബിയെ മേഖല ഗവർണറുടെ ആദരവിന് അർഹനാക്കിയത്.
അൽഹർബി തന്റെ ‘ഷവൽ’ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുന്ന വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്വന്തം വീട്ടിൽ നിൽക്കുേമ്പാഴാണ് അൽ ഹർബിക്ക് സഹായം തേടി വിളിയെത്തിയത്.
വാഹനത്തിലെത്തിയ ഒരു കുടുംബം ഒഴുക്കിൽപെട്ടെന്നും രക്ഷിക്കാനെത്താനാവശ്യപ്പെട്ട് സ്വന്തം സഹോദരനാണ് വിളിച്ചത്. ഉടൻ കൈവശമുള്ള മണ്ണുമാന്തി യന്ത്രവുമായി സ്ഥലത്തേക്കെത്തി. തുടർന്ന് മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച് മൂന്ന് മീറ്റർ ആഴത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന് നാലുപേരെയും പുറത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.