മീഡിയവൺ ‘ഹലാ ജിദ്ദ’ കാർണിവലിനായി ജിദ്ദ റിഹേലിയിലെ ‘ദി ട്രാക്ക്’ നഗരിയിൽ ഒരുക്കം
പൂർത്തിയാവുന്നു
ജിദ്ദ: മീഡിയവൺ സൗദിയിലൊരുക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കാർണിവൽ ‘ഹലാ ജിദ്ദ’ വെള്ളി, ശനി ദിവസങ്ങളിൽ ജിദ്ദ റിഹേലിയിലെ ‘ദി ട്രാക്ക്’ നഗരിയിൽ നടക്കും. കാർണിവലിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായി വരുന്നതായും കേരളത്തിൽ ഒരുക്കുന്ന കാർണിവൽ അനുഭവമായിരിക്കും സന്ദർശകർക്കായി ഒരുക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു.
മേളയിൽ വിദ്യാഭ്യാസ, ബിസിനസ് പ്രദർശനങ്ങൾ, ഭക്ഷ്യമേള, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ, ഫുഡ് കോർണറുകൾ, വിദഗ്ധർ പങ്കെടുക്കുന്ന പാചക വർക് ഷോപ്പുകൾ തുടങ്ങിയവയുണ്ടാകും. വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെ മേളയിൽ ആദരിക്കും. നാട്ടിൽനിന്നുള്ള ജനപ്രിയ സംഗീത ബാൻഡുകൾ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഹലാ ജിദ്ദയിൽ 20ഓളം പരിപാടികളുണ്ട്. രണ്ട് ദിനങ്ങളിലും ഉച്ച മുതൽ അർധരാത്രി വരെ സന്ദർശകർക്ക് വിവിധ പരിപാടികൾ ഒരേ സമയം കാണുകളും പങ്കെടുക്കുകയും ചെയ്യാം. തത്സമയ സമ്മാനങ്ങളും ഇതിനുണ്ടാകും.
ട്രെൻഡിങ് ഗാനങ്ങളുമായി ഷാൻ റഹ്മാൻ, സിത്താര, വിധു പ്രതാപ്, സച്ചിൻ വാര്യർ, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ്, സയനോര ഫിലിപ്പ് എന്നിവർ നയിക്കുന്ന ‘ഉയിരേ ബാൻഡ്’, മാപ്പിളപ്പാട്ടുകളുമായി നടി അനാർക്കലി മരക്കാർ, അഫ്സൽ, കണ്ണൂർ ശരീഫ്, രഹന, ബാദുഷ, ദാന റാസിഖ് എന്നിവർ അണിനിരക്കുന്ന ‘പതിനാലാം രാവ്’. ഹിന്ദി സൂപ്പർഷോ സരിഗമ താരങ്ങളായ ശ്രേയ ജയദീപ്, വൈഷ്ണവ് എന്നിവരുടെ ‘ഗീത് മൽഹാർ’, തമിഴിലെ പ്രസിദ്ധ പാട്ടുകാരനായ പ്രദീപ് കുമാറിന്റെ ബാൻഡ് എന്നിവയാണ് ഹലാ ജിദ്ദയിലരങ്ങേറുന്ന സംഗീത പെരുമഴ.
പരിപാടികളുടെ അവതാരകരായി മിഥുൻ രമേശ്, ജീവ, കലേശ് എന്നിവരുമെത്തുന്നുണ്ട്. ഔട്ട് ഓഫ് ഫോക്കസ് ടീം പ്രമോദ് രാമൻ, നിഷാദ് റാവുത്തർ, സി. ദാവൂദ് എന്നിവരുമായി സംവദിക്കാനുള്ള അവസരവും ഹലാ ജിദ്ദയിൽ ഒരുക്കിയിട്ടുണ്ട്. സൗദി മന്ത്രാലയത്തിലെ പ്രമുഖരും ഫെസ്റ്റിവലിന്റെ ഭാഗമാവുന്നുണ്ട്. ഭക്ഷണപ്രിയർക്കായി കേരളത്തിലേയും സൗദിയിലേയും റസ്റ്റാറന്റുകളും നാടൻ രുചികളും ഒന്നുചേരുന്ന ഫുഡ് കോർട്ട് ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്കായി ചിത്രരചന, സംഗീത മത്സരം എന്നിവയും കുഞ്ഞുങ്ങൾക്കായി ഫൺ സോണും ഉണ്ടാകും. വിദ്യാർഥികൾക്ക് ടിവി വാർത്ത വായിക്കാൻ അവസരം നൽകുന്ന ‘യു.ആർ ഒൺ എയർ’ പരിപാടിയിലെ പ്രധാന ആകർഷണമാണ്. യുവജനങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് കോച്ചായിരുന്ന ഇവാൻ വുകുമനോവിച് പങ്കെടുക്കുന്ന സൂപ്പർ ഷൂട്ടൗട്ട്, താരങ്ങളെത്തുന്ന കമ്പവലി, വിവിധ നാടൻ കലാമത്സരങ്ങൾ എന്നിവയുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഷെഫ് പിള്ള മേൽനോട്ടം വഹിക്കുന്ന കുക്കറി ഷോ, മെഹന്തി ഫെസ്റ്റ്, വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.