ദമ്മാം: ജീവിതപ്രാരാബ്ധങ്ങളിൽനിന്ന് കരകയറാൻ കടൽകടന്നെത്തി കഠിനപീഡനങ്ങൾക്കിരയായ മലയാളി യുവതിയെ നാട്ടിലെത്തിച്ചു. സൗദി കിഴക്കൻപ്രവിശ്യയിലെ റഹീമയിൽ സ്വദേശിയുടെ വീട്ടിൽ എട്ടുമാസം മുമ്പ് വീട്ടുജോലിക്കായി എത്തിയ കോട്ടയം സ്വദേശിനി സൗദാമിനിയെ ദമ്മാമിലെ നവോദയ സാംസ്കാരിക വേദിയുടെ ഇടപെടലിലൂടെയാണ് നാട്ടിലെത്തിച്ചത്.
ദുരിതം സഹിക്കാനാവാതെ നവോദയയുടെ റഹീമ കുടുംബവേദി ഭാരവാഹികളായ അഡ്വ. സുജ ജയൻ, ടോണി ആന്റണി എന്നിവരോട് സഹായം തേടുകയായിരുന്നു. കേന്ദ്ര കുടുംബവേദി പ്രസിഡന്റും ലോക കേരള സഭാംഗവുമായ നന്ദിനി മോഹൻ, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ജയൻ മെഴുവേലി എന്നിവർ ഇടപെടുകയും നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തു.
നോർക്ക റൂട്ട്സിനും ഇന്ത്യൻ എംബസിക്കും പരാതി നൽകി. സൗദാമിനിയെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങാൻ എംബസി ജയൻ മെഴുവേലിയെ ചുമതലപ്പെടുത്തി.
മാസങ്ങൾ നീണ്ട ശ്രമങ്ങളുടെ ഫലമായി റഹീമ പൊലീസ് പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും സ്പോൺസറിൽനിന്ന് ഫൈനൽ എക്സിറ്റ് വാങ്ങുകയും ചെയ്ത് ഇവർക്ക് നാടണയാൻ വഴിയൊരുക്കുകയായിരുന്നു. കുടുംബവേദി സൗജന്യമായി വിമാനടിക്കറ്റ് നൽകി. കഴിഞ്ഞ ദിവസം രാത്രി ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർവേസിൽ നാട്ടിലേക്ക് തിരിച്ചു.
നെടുമ്പാശ്ശേരിയിലെത്തിയ സൗദാമിനിയെ നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി, കുടുംബവേദി കേന്ദ്ര പ്രസിഡന്റ് നന്ദിനി മോഹൻ, വൈസ് പ്രസിഡന്റ് ഷാഹിദ ഷാനവാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. നവോദയ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, ഹനീഫ മൂവാറ്റുപുഴ എന്നിവരും സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.