റിയാദ്: ഓർമകളെല്ലാം നഷ്ടപ്പെട്ട മലയാളിയെ നവോദയ റിയാദ് പ്രവർത്തകർ നാട്ടിലെത്തിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര പൊട്ടക്കുളം സ്വദേശിയായ മോഹനനെയാണ് നാട്ടിലെത്തിച്ചത്.
പെട്ടെന്ന് ഒാർമകൾ നഷ്ടപ്പെട്ട മോഹനനെ റിയാദിലെ നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി ശുമൈസി കിങ് സഊദ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഒരുഭാഗത്ത് സ്ട്രോക്ക് വന്ന് ഞരമ്പുകൾ ബ്ലോക്കായതാണ് കാരണമെന്ന് കണ്ടെത്തി. നീണ്ടകാലത്തെ ചികിത്സ വേണ്ടിവരുമെന്ന് അറിയിച്ചതോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. സ്പോൺസർ ഇഖാമ പുതുക്കി നൽകാത്തതിനാൽ, നാട്ടിലേക്കുള്ള മടക്കം നിയമകുരുക്കിലായി. ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാടുകടത്തൽ കേന്ദ്രത്തിനെയും ഗവർണറേറ്റിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് സ്‌പോൺസറെ കണ്ടെത്തി ഇഖാമയുടെ നീണ്ടകാലത്തെ പിഴയടച്ച് പുതിക്കിയതോടെയാണ് മടക്കയാത്രക്കുള്ള വഴി തുറന്നത്. മോഹനന്റേയും അനുയാത്രികനായ ബിനു വാസവന്റേയും വിമാന ടിക്കറ്റ് ചെലവുകൾ വഹിച്ചത് ഇന്ത്യൻ എംബസ്സിയാണ്. നവോദയ ജീവകാരുണ്യ കമ്മിറ്റി തുടർ ചികിത്സക്കായി അരലക്ഷം രൂപ നൽകി.
30 വർഷത്തിലധികമായി സൗദിയിലുണ്ട് മോഹനൻ. പലവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടു മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ശകുന്തളയാണ് ഭാര്യ.
സംഘടനയുടെ ഉപഹാരവും സാമ്പത്തിക സഹായവും പ്രസിഡന്റ് വിക്രമലാലും ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജിയും ചേർന്ന് അദ്ദേഹത്തിന്റെ റൂമിൽ വെച്ച് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.