ഖമീസ് മുശൈത്ത്: സ്പോൺസർ ‘ഹുറൂബ്’ ആക്കിയതിനെ തുടർന്ന് അഞ്ചു വർഷമായി നാട്ടിൽപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുധാകരൻ ദാമോദരൻ നാടണഞ്ഞു. ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയുടെ ഇടപെടലാണ് തുണയായത്.
നജ്റാൻ പ്രവിശ്യയിൽ നിർമാണ തൊഴിലാളിയായി ജോലിചെയ്യുന്ന ഭർത്താവിനെ നാട്ടിലേക്ക് തിരിച്ചുവരാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് സുധാകരെൻറ ഭാര്യ സി.ആർ. മഹേഷ് എം.എൽ.എക്കും റിയാദിലെ ഇന്ത്യൻ എംബസിക്കും അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സുധാകരെൻറ അവസ്ഥ ഒ.ഐ.സി.സി സൗദി ദക്ഷിണമേഖല പ്രസിഡൻറ് അഷ്റഫ് കുറ്റിച്ചലിനെ അറിയിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് സുധാകരെൻറ പാസ്പോർട്ടിനുവേണ്ടി സ്പോൺസറെ ബന്ധപ്പെട്ടപ്പോൾ പാലക്കാട് സ്വദേശിയായ തെൻറ തൊഴിലാളിയുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു.
സുധാകരന് ധാരാളം സാമ്പത്തിക ഇടപാടുകളുണ്ടെന്നും അതു പരിഹരിക്കാതെ പാസ്പോർട്ട് തരാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. നജ്റാൻ ഒ.ഐ.സി.സി പ്രസിഡൻറ് പ്രസിഡൻറ് ജസ്റ്റിൻ രാജും ട്രഷറർ തുളസീധരനും സ്പോൺസറുമായി നിരന്തരം സംസാരിച്ചു. ഒടുവിൽ പാസ്പോർട്ട് കരസ്ഥമാക്കി സുധാകരനെ അബഹയിലേക്ക് എത്തിച്ചു.
അഷ്റഫ് കുറ്റിച്ചൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽനിന്നും എക്സിറ്റ് വിസ നേടി സുധാകരനെ നാട്ടിലേക്കയച്ചു. സുധാകരനുള്ള വിമാന ടിക്കറ്റും താമസ സൗകര്യവും മറ്റു ചെലവുകളും നജ്റാൻ ഒ.ഐ.സി.സി നൽകി.
ഇദ്ദേഹത്തെ നാട്ടിൽ അയക്കുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ വിനോദ് ഹുസൈനിയ, മുരളി ആലുംകുഴി, ഒ.ഐ.സി.സി ഖമീസ് ടൗൺ പ്രസിഡൻറ് റോയി മൂത്തേടം എന്നിവരും മറ്റു സുഹൃത്തുക്കളും ചേർന്ന് നൽകി. ഫ്ലൈ ദുബൈ വിമാനത്തിൽ സുധാകരൻ അബഹയിൽനിന്നും കൊച്ചിയിലേക്ക് തിരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.