റിയാദ്: നിയമ കുരുക്കിലകപ്പെട്ട് ദുരിതത്തിലായ തിരുവനന്തപുരം വർക്കല നടയറ സ്വദേശി യൂനുസ് കുഞ്ഞ് നാസറിനെ കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ഹൗസ് ഡ്രൈവർ വിസയിലെത്തി റിയാദ് റബ്വ ഖലീജിയയിൽ ജോലി ചെയ്ത് വരവേ സുഹൃത്തിനാൽ വഞ്ചിക്കപ്പെട്ട് (പണമിടപാടിൽ ജാമ്യം നിന്നു) ഇഖാമ 'മത്ലൂബ്' ആയി പുതുക്കാൻ കഴിയാതെ വന്നതോടെ സ്പോൺസറും കൈയൊഴിയുകയായിരുന്നു.
അഞ്ചു വർഷത്തോളമായി പല മാർഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇഖാമ പുതുക്കാനോ നാട്ടിൽ പോകാനോ കഴിഞ്ഞില്ല. ആറുമാസമായി അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ്, കേസിൽ നിന്ന് മുക്തനായി നാട്ടിൽ പോകാൻ നാസർ കേളി പ്രവർത്തകരുടെ സഹായം തേടിയത്. ബദിയ ഏരിയ കമ്മിറ്റിയുടെയും കേളി ജീവകാരുണ്യ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് കോടതിയിൽ കെട്ടിവെക്കാനുള്ള ഭീമമായ തുക സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്തി.
ബദിയയിലെ മലയാളി സംരംഭകൻ ബാബു ജെസ്കൊയുടെ ലീഗൽ അഡ്വൈസർ ജമാൻ ഫൈസൽ ഖഹ്താനിയുടെ സഹായത്താൽ തുക കോടതിയിൽ കെട്ടിവെച്ചു നിയമകുരുക്കിൽ നിന്നും ഒഴിവായി. തുടർന്ന് എക്സിറ്റ് അടിക്കാനായി എംബസിയെ സമീപിച്ച് ഡിപോർട്ടേഷൻ സെൻററിൽ ചെന്നപ്പോഴാണ് റെൻറ് എ കാർ എടുത്ത വകയിൽ 17,000 റിയാൽ കാർ കമ്പനിക്ക് നാസർ നൽകാനുണ്ടെന്നും അത് അടക്കാതെ എക്സിറ്റ് കിട്ടില്ലെന്നുമറിയുന്നത്.
തുടർന്ന് ഒരു മാസത്തോളം റെൻറ് എ കാർ കമ്പനിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് 3000 റിയാൽ നൽകി പ്രശ്നം പരിഹരിക്കാൻ ധാരണയായി. കമ്പനിയിൽ അടക്കാനുള്ള 3000 റിയാലും കോടതി ചെലവും ബാബു ജെസ്കോ വഹിക്കുകയും തുടർന്ന് എക്സിറ്റ് അടിക്കുകയുമായിരുന്നു. കേളി ബദിയ ഏരിയ കമ്മിറ്റി നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബദിയയിൽ ലളിതമായി നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ ജോയൻറ് സെക്രട്ടറി കിഷോർ ഇ. നിസാം ടിക്കറ്റ് നാസറിന് കൈമാറി. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കേളി കേന്ദ്ര കമ്മറ്റി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കൺവീനർ കെ.വി അലി, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ മധു പട്ടാമ്പി, ജനകീയ കമ്മിറ്റി ചെയർമാൻ സക്കീർ, കൺവീനർ സത്യവാൻ, കേളി സുവൈദി യുസിറ്റ് സെക്രട്ടറി സുധീർ സുൽത്താൻ, ട്രഷറർ നിയാസ്, ഏരിയ ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ജാർനെറ്റ് നെൽസൺ എന്നിവർ സംസാരിച്ചു. യൂനുസ് കുഞ്ഞ് നാസർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.