റിയാദ്: വിവിധ സാമൂഹിക സഹായ പ്രവർത്തനങ്ങൾക്കായി റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച കാരുണ്യ ഫണ്ട് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഒ.ഐ.സി.സി നേതാവ് സത്താർ ഓച്ചിറയിൽനിന്ന് നന്മ ഹ്യുമാനിറ്റീസ് ജോയൻറ് കൺവീനർ റിയാസ് സുബൈർ ഫണ്ട് ഏറ്റുവാങ്ങി. ലോക്ഡൗൺ കാലയളവിൽ സൗദിയിലും നാട്ടിലുമായി നന്മ ഏറ്റെടുത്തു നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ ഈ ഫണ്ട് ഉപയോഗിച്ചു തുടരുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
ലോക്ഡൗണിന് ശേഷം നാട്ടിൽ പോകാൻ സാമ്പത്തിക പ്രയാസം നേരിട്ട അംഗങ്ങൾക്ക് സൗജന്യ വിമാനടിക്കറ്റും ക്വാറൻറീൻ ചെലവുകളും കൂട്ടായ്മ നൽകിയിരുന്നു. കൂടാതെ കരുനാഗപ്പള്ളിയിൽ നടത്തിവരുന്ന പ്രതിമാസ ഭക്ഷ്യധാന്യ വിതരണ പദ്ധതി സൗദിയിൽ കോവിഡ്മൂലം മരണമടഞ്ഞ പ്രദേശവാസികളുടെ നിരാലംബരായ കുടുംബങ്ങളെകൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തിയിട്ടുമുണ്ട്. വൃക്കരോഗികളായ മൂന്നു സഹോദരങ്ങൾക്ക് തുടർ ചികിത്സക്കുള്ള സഹായവും കളിക്കുന്നതിനിടയിൽ ടെറസ്സിൽനിന്നും വീണു സാരമായി പരിക്കേറ്റ പിഞ്ചുബാലന് അടിയന്തര ധനസഹായവും കഴിഞ്ഞ ദിവസങ്ങളിൽ 'നന്മ'യുടെ പ്രവർത്തകർ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകി. മാനസിക അസ്വാസ്ഥ്യങ്ങളുള്ള, ആരോരുമില്ലാത്തവരെ പാർപ്പിച്ചു പരിചരിക്കുന്ന കരുനാഗപ്പള്ളി തേവലക്കര കോയിവിളയിലുള്ള ബിഷപ് ജെറോം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണനാളുകളിൽ (അവിട്ടം ദിനത്തിൽ) അന്നദാനം നടത്തിയ കൂട്ടായ്മയുടെ പ്രവർത്തനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.