ജിദ്ദ: സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വർധിച്ചതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തിൽ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണിത്.
കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വിവിധ നഗരങ്ങൾക്കുള്ളിൽ മാത്രമുള്ള ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 മാണ്.
ഇതേ കാലയളവിൽ 78.5 ലക്ഷം ടൺ ചരക്കുകളുടെയും ധാതുക്കളുടെയും കടത്തും ട്രെയിൻ സർവിസ് വഴി നടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ചരക്ക് കടത്തിന്റെ തോത് 20 ശതമാനമാണ് വർധിച്ചത്.
പൊതുഗതാഗത രംഗത്തെ കാർബൺ ബഹിര്‍ഗമന തോത് കുറക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന സുരക്ഷിതമായ ഗതാഗത മാർഗമാണ് ട്രെയിനുകൾ. വിഷൻ 2030 ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സൗദിയിലെ റെയിൽ ഗതാഗതം സുപ്രധാന പങ്കാണ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.