ജിദ്ദ: 'ഫോക്കസ് സ്റ്റാക് പനോരമ' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പകർത്തിയ ഹജ്റുൽ അസ്വദിന്റെ വിവിധ പടങ്ങൾ ശ്രദ്ധേയമാവുന്നു. ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി, എൻജിനീയറിങ് പഠന വിഭാഗമാണ് 'ഫോക്കസ് സ്റ്റാക് പനോരമ' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കഅ്ബയുടെ തെക്ക് കിഴക്കേ മൂലയിലെ ഹജ്റുൽ അസ്വദിന്റെ ഏറ്റവും വ്യക്തമാർന്ന നിലയിലുള്ള പടമെടുത്തിരിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമുപയോഗിച്ച് ഹജ്റുൽ അസ്വദിന്റെ പടമെടുക്കുന്നത്. പുതിയ സംവിധാനമുപയോഗിച്ച് പടമെടുക്കാൻ ഏഴ് മണിക്കൂർ എടുത്തതായാണ് റിപ്പോർട്ട്. 1050 പടങ്ങൾ എടുത്തിട്ടുണ്ട്. 49,000 മെഗാപിക്സൽ റെസല്യൂഷനോടുകൂടിയതാണ് പടം. ഒരോ പടത്തിന്റെയും ഫയൽ സൈസ് 160 ജിഗാബൈറ്റ് ആണ്. പടം എഡിറ്റ് ചെയ്യാൻ ഒരാഴ്ചയെടുത്തു.
ഹജ്റുൽ അസ്വദിന്റെ ഏറ്റവും വ്യക്തതയുള്ള പടമെന്നതാണ് ഇതിന്റെ സവിശേഷത. എടുത്ത പടങ്ങൾ സന്ദർശകർക്ക് കാണാൻ അൽഹറമൈൻ എക്സിബിഷൻ കേന്ദ്രത്തിൽ പ്രദർശിപ്പിക്കാണ് ഇരുഹറം കാര്യാലയം പദ്ധതിയിട്ടിരിക്കുന്നത്. കഅ്ബയുടെ തെക്കുകിഴക്കേ മൂലയിൽ നിലത്ത് നിന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് ഹജ്റുൽ അസ്വദ് സ്ഥിതിചെയ്യുന്നത്. വിത്യസ്ത ആകൃതിയിലുള്ള എട്ട് കഷ്ണങ്ങൾ ഉൾക്കൊള്ളുന്ന ഹജ്റുൽ അസ്വദിനു ചുറ്റും സുരക്ഷക്കായി ശുദ്ധ വെള്ളിയുടെ ഫ്രെയിം സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർ ത്വവാഫ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഹജ്റുൽ അസ്വദ് സ്ഥിതി ചെയ്യുന്ന മൂലയിൽ നിന്നാണ്. സുഗന്ധത്തിനായി ദിവസവും അഞ്ച് തവണ ഹജ്റുൽ അസ്വദിനു മേൽ മേത്തരം ഊദ് എണ്ണ പുരട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.