ജുബൈൽ: സൗദി അറേബ്യയിലെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സ്ത്രീ പുരുഷ സ്വദേശികൾക്കുവേണ്ടി 17,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപടി ആരംഭിച്ചു. 2021 അവസാനത്തോടെ പദ്ധതി പൂർത്തിയാകുന്നതോടെ അത്രയും വിദേശികൾക്ക് ജോലി നഷ്ടമാകും. ഇവർക്ക് പകരമായാണ് സ്വദേശി തൊഴിൽ അന്വേഷകരെ നിയമിക്കുക. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി സ്വദേശി തൊഴിൽ അന്വേഷകരിൽനിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി അവസാനിക്കാൻ ഇനി ഏഴുദിവസം മാത്രമാണ് അവശേഷിക്കുന്നത്. 100 മുതൽ 499 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സൂപ്പർമാർക്കറ്റുകൾ, 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റുകൾ എന്നിവയിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.
രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ ഏകദേശം 1,05,000 തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഓരോ ബ്രാഞ്ചിലും ശരാശരി 10 തൊഴിലാളികളുണ്ട്. ഈ സ്ഥാപനങ്ങൾ ഭൂരിഭാഗവും ബി വിഭാഗത്തിലാണ്. നിലവിൽ മൊത്തം ജീവനക്കാരിൽ 35 ശതമാനം സ്വദേശികളാണ് ഈ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നത്. 500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കൂടുതലുള്ള സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഉൾപ്പെടെ 1200 യൂനിറ്റുകൾ രാജ്യത്തുണ്ട്. ഇവിടങ്ങളിൽ ഏകദേശം 48,000 ജീവനക്കാരുണ്ട്.
ഒരു ഹൈപ്പർമാർക്കറ്റിലെ ശരാശരി തൊഴിലാളികളുടെ എണ്ണം 250ഉം സൂപ്പർമാർക്കറ്റിൽ 50ഉം ആണ്. ഇൗ സ്ഥാപനങ്ങളിൽ എല്ലാംകൂടി 48,000 ജീവനക്കാരുള്ളപ്പോൾ അതിൽ സ്വദേശികളുടെ എണ്ണം നിലവിൽ 16,000 ആണ്. ഇത് ആകെ തൊഴിലാളികളുടെ 35 ശതമാനം മാത്രമാണ്. ഇൗ ശതമാനം ഉയർത്താനുള്ള നടപടിയാണ് മന്ത്രാലയം തുടങ്ങിയിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിനായി വിവിധ കമ്പനികളുമായി മന്ത്രാലയം കരാറുകൾ ഒപ്പിടും.
തൊഴിൽ നൽകുന്ന കരാർ കമ്പനികളെ ഏകോപിപ്പിക്കുകയും തൊഴിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും വകുപ്പുമായി കരാറിലേർപ്പെടുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.