ജിദ്ദ: രാജ്യത്തെ ടൂറിസം മേഖലയിൽ 2030ഒാടെ സ്വദേശി ജീവനക്കാരുടെ അനുപാതം 10 ശതമാനമായി ഉയർത്തുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖതീബ് പറഞ്ഞു. ജി20 ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയിരുന്നു അദ്ദേഹം. 2030ഒാടെ 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിലവിൽ ടൂറിസം മേഖലയിൽ സ്വദേശി പൗരന്മാരായ ജീവനക്കാരുടെ അനുപാതം മൂന്നു ശതമാനം മാത്രമാണ്. കെട്ടിട നിർമാണ പദ്ധതികൾ, റസ്റ്റാറൻറുകൾ, മാർക്കറ്റുകൾ, ടൂറിസം, മാർക്കറ്റിങ് കമ്പനി എന്നിവ സ്വകാര്യ മേഖലയിൽ വ്യാപകമാകുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ടൂറിസം മേഖലയിൽ പ്രവർത്തിക്കാൻ യുവാക്കളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും എന്നാൽ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ചില യുവാക്കൾക്ക് വിജയകരമായ അനുഭവങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് റിസോർട്ടുകളും വാണിജ്യ വിപണികളും നിർമിക്കാൻ സ്വകാര്യ മേഖലക്ക് നിക്ഷേപത്തിന് ഗവൺമെൻറ് ഭൂമി നൽകിയിട്ടുണ്ട്. കോവിഡ് പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഏവിയേഷനും ടൂറിസവും ഉൾപ്പെടും.കോവിഡ് മൂലം ആഗോള ടൂറിസം മേഖലക്ക് അഞ്ച് ട്രില്യൺ ഡോളറിലധികം നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.